ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് കേരളം വിട്ടതായി സൂചന. ഇയാൾ കർണാടകയിലേക്ക് കടന്നതാകാമെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. ഇതിനിടെ ആലുവ കുട്ടമശേരിയിലെ വീട്ടിലെത്തി സിദ്ദിഖിൻ്റെ കുടുംബാംഗങ്ങളോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു.
മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി 24 മണിക്കൂർ പിന്നിടുമ്പോഴും
നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. സിദ്ദിഖ് കേരളം വിട്ടതായും കർണ്ണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നും അന്വേഷണസംഘം കരുതുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും വീടുകളിലും സ്ഥാപനങ്ങളിലും നിരീക്ഷണം ശക്തമാണ്.
കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചും സിദ്ദിഖിനായുള്ള തെരച്ചിൽ നടന്നു. കുട്ടമശ്ശേരിയിലെ വീട്ടിലെത്തി സിദ്ദിഖ് കീഴടങ്ങണമെന്ന് പൊലീസ് സംഘം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം സിദ്ദിഖ് അഭിഭാഷകരുമായി ഫോണിൽ സംസാരിച്ചതായി വിവരമുണ്ട്. സിദ്ദിഖിന്റെ അപ്പീൽ ഹർജി സുപ്രിംകോടതി പരിഗണിച്ചാൽ വിധി വരുംവരെ കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനം. എന്നാൽ ഹർജി പരിഗണിക്കും മുൻപ് സിദ്ദിഖിനെ കണ്ടെത്താനായാൽ അറസ്റ്റ് രേഖപ്പെടുത്തും.