സനു മോഹന്റെ തിരോധാനക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

0
67

എറണാകുളം മുട്ടാര്‍ പുഴയില്‍ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനുമോഹന്റെ തിരോധാനത്തില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്. പത്ത് ദിവസത്തിലേറെയായി തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ കേസ് ക്രൈബ്രാംഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയേറി.

കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം കിട്ടിയ പിറ്റേ ദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയര്‍ അതിര്‍ത്തി കടന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സനുമോഹന്‍ എത്താന്‍ സാധ്യതയുള്ള കോയമ്പത്തൂരിലും ചെന്നെയിലും അന്വേഷണ സംഘം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്തത്.

സനുമോഹന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സനുമോഹന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പൊലീസിനായില്ല. ഇന്നലെ സത്യമംഗലത്തെ വന മേഖലയിലടക്കം അന്വേഷണ സംഘം തെരച്ചില്‍ നടത്തി. വാഹനം പോലും കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുന്നത്.

പൂനെയിലെയോ എറണാകുളത്തേയോ പണമിടപാട് സംഘം വൈഗയെ കൊലപ്പെടുത്തി സനുമോഹനെ തട്ടികൊണ്ട് പോവാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വൈഗ മരിക്കുന്നതിന് തലേദിവസം കൊച്ചിയിലെ കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ അസ്വഭാവിക സംഭവങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസം മുന്‍പ് ഫ്‌ലാറ്റിലെത്തിയ പണമിടപാട് സംഘത്തെ തിരിച്ചറിയാനായിട്ടില്ല.

ഫ്‌ലാറ്റിലെ സിസിടിവി ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാതിരുന്നതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഫ്‌ലാറ്റിന്റെ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന സനുമോഹന്‍ താമസക്കാരില്‍ നിന്ന് വലിത തുക കടം വാങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ തട്ടികൊട്ടുപോകല്‍ കേസുകളില്‍ മുന്‍പ് പ്രതികളായവരെയും പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണം ക്രൈംബ്രാംഞ്ച് ഏറ്റെടുക്കുന്നതിന് മുന്നോടിയായി ക്രൈംബ്രാഞ്ച് എസ്പി കേസ് ഫയല്‍ പരിശോധിച്ചെന്നാണ് വിവരം.