അതിഷി മർലീന ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക്

0
229

അതിഷി മർലീന ഡൽഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ആം ആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ തീരുമാനിച്ചത്. അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് 4.30ന് ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയെ കണ്ട് രാജിക്കത്ത് സമർപ്പിക്കും.

അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കെജ്രിവാൾ തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിച്ചിരുന്നു.

അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. കെജ്രിവാൾ‌ ജയിലിലായിരുന്നപ്പോഴും ഡൽ​ഹിയിലെ ഭരണം സു​ഗമമായി പോയിരുന്നത് അതിഷി വഴിയെയായിരുന്നു. ഇതോടെയാണ് എല്ലാവരും അതിഷി എന്ന പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരി​ഗണിച്ചത്. ഡൽ​ഹിയിൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിതയായി മാറുകയാണ് അതിഷി.