നാല് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിൽ പോകാൻ ഒരുങ്ങിക്കോളാൻ മസ്‌ക്

0
43

നാല് വർഷത്തിനുള്ളിൽ മനുഷ്യർക്ക് ചൊവ്വയിലേക്ക് പോകാനാകുമെന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്‌ക്. 20 വർഷത്തിനുള്ളിൽ ചൊവ്വ ഒരു തികഞ്ഞ സ്വതന്ത്ര നഗരമാകുമെന്നും മനുഷ്യർക്ക് അവിടെ പോയി ജീവിക്കാമെന്നും എക്‌സിലൂടെ മസ്‌ക് പറഞ്ഞു. ബഹിരാകാശ സ്വപ്നം കാണുന്നവരെയെല്ലാം ഈ പ്രസ്താവന കൗതുകവും ആശയക്കുഴപ്പവും ഉണ്ടാക്കിയെങ്കിലും പൂവണിയാത്ത മനോഹരമായ സ്വപ്നമാണിതെന്ന് ചിലർ കളിയാക്കി. മസ്‌ക് അങ്ങനെ ചുമ്മാ പറഞ്ഞിട്ട് പോകുന്ന ആളൊന്നുമല്ലെന്ന് മസ്‌കിന്റെ ഒരു കൂട്ടം ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

ചൊവ്വയിലേക്കുള്ള ആദ്യ വിക്ഷേപണം ആറ് വര്‍ഷത്തിനുള്ളില്‍ നടത്താനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി 2016ല്‍ മസ്‌ക് പറഞ്ഞിരുന്നു. എന്നാല്‍ വിക്ഷേപണം നടത്താനുള്ള ഹെവി റോക്കറ്റ് ഇപ്പോഴും ആശയമായി നില്‍ക്കുന്നതല്ലാതെ നിര്‍മാണവും മറ്റ് പ്രവര്‍ത്തനങ്ങളും ഒരടി മുന്നോട്ടുനീങ്ങിയിട്ടില്ല.

ചൊവ്വയില്‍ കോളനി സ്ഥാപിക്കാനും ഇതിനായി സ്വന്തം ബീജത്തെ ഉള്‍പ്പെടെ ഉപയോഗിക്കാനും ചൊവ്വയുടെ ഉപരിതലത്തില്‍ ടെസ്ല ട്രക്കുകള്‍ ഓടിക്കാനുമുള്ള മസ്‌കിന്റെ ആഗ്രഹങ്ങളുടെ ബാക്കിപത്രമായിട്ട് മാത്രം പുതിയ പ്രസ്താവനയെ കണ്ടാല്‍ മതിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടര്‍ പറയുന്നത്.

റോക്കറ്റുകളുടെ പണി പൂര്‍ത്തിയാകാത്തത് മാത്രമല്ല മസ്‌കിന്റെ ദൗത്യം പെട്ടെന്ന് നടക്കില്ലെന്ന് സോഷ്യല്‍ മീഡിയ വിധിക്കാന്‍ കാരണം. മസ്‌കിന്റെ സമ്പത്തായ 250 ബില്യണ്‍ ഡോളര്‍ ഈ ദൗത്യത്തിന്റെ ചെലവിന്റെ അടുത്തുപോലും എത്തില്ല. ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാനുള്ള ദൗത്യം ബഹിരാകാശ യാത്രാ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും ചെലവേറിയതുമായ ദൗത്യമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ അപ്പോളോ ദൗത്യത്തിന് തന്നെ ഏതാണ് 280 ബില്യണ്‍ ഡോളര്‍ ചെലവുണ്ടായിരുന്നു. ആറ് വര്‍ഷം കൊണ്ട് ഈ പ്രതിബദ്ധങ്ങള്‍ മറികടന്ന് ചൊവ്വയില്‍ മനുഷ്യനെയെത്തിക്കാന്‍ മസ്‌ക് എന്ത് മാജിക് കാട്ടുമെന്ന ആകാംഷയിലാണ് മസ്‌കിന്റെ ആരാധകര്‍.