നേഷന്‍സ് ലീഗിലേക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നഷ്ടമാകാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

0
218

യുവേഫ അംഗരാജ്യങ്ങളിലെ പുരുഷ ദേശീയ ടീമുകൾ സംഘടിപ്പിക്കുന്ന രാജ്യാന്തര ഫുട്ബോൾ മത്സരമായ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിൽ ഇടം നഷ്ടപ്പെടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇക്കഴിഞ്ഞ യൂറോ കപ്പിൽ ഒരു ഗോൾ പോലും കണ്ടെത്താനാകാതെ വന്ന ക്രിസ്റ്റ്യാനോയുടെ പ്രകടനം ആരാധകരെ നിരാശരാക്കി. തുറന്ന അവസരമടക്കം ടൂര്‍ണമെന്റില്‍ 23 ഗോള്‍ ശ്രമങ്ങളില്‍ ഒന്നുപോലും ലക്ഷ്യം കാണാതെ വന്നതോടെ പല കോണുകളില്‍ നിന്നായി വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടുത്ത മാസം ക്രൊയേഷ്യയ്ക്കും സ്‌കോട്ട്ലന്‍ഡിനുമെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റിയാനോ ഇടം പിടിച്ചിരിക്കുന്നത്.

തന്റെ ആറാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ റൊണാള്‍ഡോ നേടുന്നതില്‍ പരാജയപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ പുറത്തായി. പക്ഷേ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ പിന്തുണയില്‍ യുവേഫ നാഷന്‍സ് ലീഗ് സ്‌ക്വഡില്‍ അദ്ദേഹം ഇടം പിടിക്കുകയായിരുന്നു. സൗദി ടീമായ അല്‍ നാസറിന് വേണ്ടി നിരവധി മത്സരങ്ങളില്‍ നാല് ഗോളുകളുമായി റൊണാള്‍ഡോ പുതിയ സീസണ്‍ ആരംഭിച്ചു, കൂടാതെ പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്ട്രൈക്കര്‍ ഗോങ്കലോ റാമോസ് കണങ്കാലിന് പരിക്കേറ്റതിനാല്‍ പോര്‍ച്ചുഗല്‍ ആക്രമണത്തെ നയിക്കാന്‍ സാധ്യതയുണ്ട്.

യൂറോയിലെ പ്രായം കൂടിയ താരങ്ങളിലൊരാളായ പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപ്പെ ഈ മാസം ആദ്യം തന്റെ 41-ാം വയസ്സില്‍ ദേശീയ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന് പകരക്കാരനായി സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ വിംഗര്‍ പതിനേഴുകാരനായ ജിയോവാനി ചെര്‍നോ ക്വെന്‍ഡയെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് ടീമിലെത്തിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

യൂവേഫ നാഷന്‍സ് ലീഗില്‍ സെപ്തംബര്‍ അഞ്ച്, എട്ട് തീയതികളില്‍ ലിസ്ബണില്‍ ക്രൊയേഷ്യയ്ക്കും സ്‌കോട്ട്ലന്‍ഡിനുമെതിരായാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍. ചെല്‍സി ലെഫ്റ്റ് ബാക്ക് റെനാറ്റോ വീഗയും ലില്ലെ ഡിഫന്‍ഡര്‍ ടിയാഗോ സാന്റോസുമാണ് പോര്‍ച്ചുഗല്‍ ടീമിലെ മറ്റു പുതുമുഖങ്ങള്‍. അതേ സമയം ഏതാനും ദിവസം മുമ്പ് പോര്‍ച്ചുഗീസ് ടെലിവിഷന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. ”ദേശീയ ടീമില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഞാന്‍ ആരോടും മുന്‍കൂട്ടി പറയില്ല. ഇപ്പോള്‍, ടീമിനെ മുന്നേറാന്‍ സഹായിക്കുകയെന്നതാണ് ആഗ്രഹിക്കുന്നത്.”-ഇതായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍.