മഹാരാഷ്ട്രയില്‍ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

0
86

കൊവിഡ്‌ വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാന വാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗായ്കവാദ് അറിയിച്ചു.

കൊവിഡ്‌ സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേംബ്രിഡ്ജ് ബോര്‍ഡ് എന്നിവര്‍ക്ക് കത്തെഴുതുമെന്നും പരീക്ഷകള്‍ മാറ്റിവെക്കാന്‍ അവരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

‘നിലവിലെ സാഹചര്യങ്ങള്‍ പരീക്ഷ നടത്തുന്നതിന് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങള്‍ക്ക് പ്രധാനം.’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ടെക് കമ്ബനി മേധാവികള്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.

ഈ കൂടിക്കാഴ്ചയില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാര്‍ത്ഥികളുടെ ഭാവി എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ പരീക്ഷ നീട്ടിവെക്കുക എന്നുള്ളതാണ് പ്രായോഗികമായ പരിഹാരം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തിച്ചേരുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കും അവര്‍ നന്ദി അറിയിച്ചു.

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ധ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ തുടങ്ങി വിവിധ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 63,294 കേസുകളാണ് മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. 349 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 34,07,245 ആയി ഉയര്‍ന്നിരുന്നു. 57,987 പേരാണ് ഇവിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്.