ഓണത്തിന് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്

0
125

ഓണത്തിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചെക്ക് പോസ്റ്റുകൾ വഴി എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചെക്ക് പോസ്റ്റുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ പ്രത്യേക ദൗത്യസേനയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വാളയാർ, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ രാത്രികാല പരിശോധനകൾ നടത്തി.

53 വാഹനങ്ങള്‍ പരിശോധന നടത്തി. 18 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതല്‍ പരിശോധന ആവശ്യമായ 7 സ്റ്റാറ്റിയുട്ടറി സാമ്പിളകള്‍ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് സ്‌ക്വാഡുകളായി വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാല്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തി. ലാബില്‍ നിന്ന് പരിശോധന റിപ്പോര്‍ട്ട് വരുന്നതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.