കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ നിരപരാധിയാണെന്ന് ജിൻസൺ രാജ

0
86

മാതാപിതാക്കളും സഹോദരിയുമുൾപ്പെടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ നിരപരാധിയാണെന്ന് ജിൻസൺ രാജ. കേസിൽ വിചാരണ 13 ന് ആരംഭിക്കും. മാനസിക അസ്വാസ്ഥ്യമുള്ള പ്രതിക്ക് വിചാരണ നേരിടാനുള്ള മാനസികാവസ്ഥ കൈവരിച്ചെന്ന മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ടിനെ തുടർന്ന് കോടതി കുറ്റപത്രം പ്രതിക്ക് വായിച്ചു കേൾപ്പിക്കുകയും പ്രതി കുറ്റം നിഷേധിക്കുകയും ചെയ്തു. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് കേസ് പരിഗണിച്ചത്.

നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ട് 117-ൽ ഡോ. ജീൻ പദ്മ, ഭർത്താവ് റിട്ട. പ്രൊഫ. രാജ തങ്കം, മകൾ കരോലിൻ, ഡോക്ടറുടെ ബന്ധു ലളിത എന്നിവരെയാണ് ഡോക്ടറുടെ മകനായ കേഡൽ ജിൻസൺ രാജ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഓസ്‌ട്രേലിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കംപ്യൂട്ടർ പഠനം പൂർത്തിയാക്കി 2009-ൽ നാട്ടിൽ എത്തിയയാളാണ് പ്രതിയായ കേഡൽ ജിൻസൺ രാജ. ആത്മാവിനെ സ്വതന്ത്രസഞ്ചാരത്തിനു വിടാനുള്ള ആസ്ട്രൽ പ്രൊജക്ഷൻ എന്ന പൈശാചിക രീതി പരീക്ഷിച്ചുനോക്കിയതാണെന്ന് കേഡൽതന്നെ പോലീസിനോടു സമ്മതിച്ചിരുന്നു.

ആത്മാവിന്റെ യാത്ര സംബന്ധിച്ച് ഇന്റർനെറ്റിൽ നിന്നാണ് വിവരശേഖരണം നടത്തിയിരുന്നതെന്നും ഇയാൾ പോലീസിനോടു പറഞ്ഞിരുന്നു. 2017 ഏപ്രിൽ എട്ടിനാകാം കൊലപാതകങ്ങൾ നടന്നതെന്നാണ് പോലീസ് നിഗമനം.