ഹേമ കമ്മിറ്റി റിപ്പോർട്ട്; മലയാള സിനിമയിൽ പതിനഞ്ചു പേരടങ്ങുന്ന ഒരു പവർ ഗ്രൂപ്പിൽ സംവിധായകരും അഭിനേതാക്കളും നിർമാതാക്കളും

0
132

സ്ത്രീ പ്രശ്‌നങ്ങൾ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് പരാമർശം. പവർ ഗ്രൂപ്പിൽ സംവിധായകരും അഭിനേതാക്കളും നിർമ്മാതാക്കളുമടക്കം 15 പേരുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒരു മലയാള സിനിമാ നടൻ ഈ സംഘത്തെ മാഫിയ സംഘമെന്ന് വിളിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയൽ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്.

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾക്കായി വിളിക്കുന്ന പെൺകുട്ടികൾക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളിൽ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമാതാരങ്ങളിൽ പലർക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.

വിട്ടുവീഴ്ച ചെയ്യാൻ തായാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തി. സെറ്റിൽ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ട്. സ്ത്രീകളെ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിൽ വലിയ പ്രശ്‌നം. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. സിനിമാ ലൊക്കേഷനിൽ വൾഗർ കമന്റ്‌സ് നേരിടുന്നു. സിനിമാ മേഖലയിൽ പുറംമൂടി മാത്രമേയുള്ളൂ. വേതനത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.