പോസ്റ്ററുകൾ തൂക്കി വിറ്റതിന് പിന്നാലെ വീണാ നായരുടെ വോട്ട് അഭ്യർത്ഥന നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

0
86

വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി വീണാ നായരുടെ ​വോട്ട് അഭ്യർത്ഥന നോട്ടീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് വീണാ നായരുടെ അഭ്യർത്ഥന നോട്ടീസുകൾ കണ്ടെത്തിയത്.

വീണയുടെ പോസ്റ്ററുകൾ തൂക്കി വിറ്റതിന് പിന്നാലെയാണ് നോട്ടീസുകൾ വഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ ഡിസിസിയിടെയും കെപിസിസി യുടെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ നോട്ടീസുകളും കണ്ടെത്തിയിരിക്കുന്നത്.

വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം നന്ദൻകോടുളള ആക്രിക്കടയിൽ വിൽപ്പനയ്ക്കായി എത്തിച്ചത്. കുറവൻകോണം മേഖലയിൽ പ്രചരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവ. അതേസമയം, സംഭവത്തിൽ നന്ദൻകോട് സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ബാലുവിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി.

അതിനിടെ ഒപ്പം നിന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് വീണ പ്രതികരിച്ചു. ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കാൻ താൻ ആളല്ല. അത് പാർട്ടി ചെയ്യും. പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്തു. രണ്ടര മണിക്കൂർ മാത്രം ഉറങ്ങി പ്രചാരണത്തിനിറങ്ങിയ ദിവസങ്ങളുണ്ട്.

ആ സമയങ്ങളിൽ തനിക്കൊപ്പം നിന്നവരുണ്ട്. ഒരു വനിത എന്നത് പരിമിധിയാകാതെ മനുഷ്യ സാധ്യമാകുന്ന രീതിയിൽ പറ്റുന്നതെല്ലാം ചെയ്തുവെന്നും വീണ കൂട്ടിച്ചേർത്തു.