കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉത്തരാഖണ്ഡിലും സമാനമായ കൊലപാതകം നടക്കുന്നത്. ഉത്തരാഖണ്ഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 33 കാരിയായ നഴ്സ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഒമ്പത് ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ബിലാസ്പൂർ കോളനിയിൽ പതിനൊന്ന് വയസ്സുള്ള മകൾക്കൊപ്പം വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് ഓട്ടോ റിക്ഷയിൽ വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് സഹോദരി ജൂലൈ 31-ാം തീയതി രുദ്രാപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് 8-ന് യുവതിയുടെ മൃതദേഹം ഉത്തർപ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.രാജസ്ഥാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
യുവതിയുടെ കാണാതായ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ധർമേന്ദ്ര എന്നയാളാണ് അറസ്റ്റിലായത്.
ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പിന്തുടർന്ന ധർമേന്ദ്ര വിജനമായ സ്ഥലത്തെത്തിയപ്പോൾ ഇവരെ കുറ്റിക്കാട്ടിലേക്ക് ബലമായി വലിച്ചിഴക്കുകയും ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം സ്കാർഫ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം യുവതിയുടെ പക്കൽ ഉണ്ടായിരുന്ന 3000 രൂപയും ഫോണും സ്വർണവും മോഷ്ടിച്ചതായും പോലീസ് വ്യക്തമാക്കുന്നു.