ഒടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്

0
82

ഒടിടി ചിത്രങ്ങളിൽ ഇനി അഭിനയിച്ചാൽ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് തിയറ്റർ സംഘടനയായ ഫിയോക്ക്. ഫഹദ് നായകനായ ചിത്രങ്ങൾ തുടർച്ചയായി ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.

ലോക്‌ഡൗൺ കാലത്തും പിന്നീടും മൂന്ന് ചിത്രങ്ങളാണ് ഫഹദിന്റേതായി ഒടിടി റിലീസിനെത്തിയത്. മഹേഷ് നാരായൺ സംവിധാനം ചെയ്‌ത സീ യൂ സൂൺ, നസീഫ് യൂസഫ് ഇയ്യുദീന്റെ ഇരുൾ, ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ജോജി എന്നിവയായിരുന്നു ചിത്രങ്ങൾ.

ഇനിയും ഒടിടി റിലീസുകളോട് സഹകരിച്ചാൽ ഫഹദ് ചിത്രങ്ങൾ തിയേറ്റർ കാണുകയില്ലെന്നാണ്‌ ഫിയോക്കിന്റെ നിലപാട്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്ക് ഉൾപ്പടെയുള്ള സിനിമകളുടെ പ്രദർശനത്തിന് വലിയ രീതിയിലുള്ള തടസങ്ങൾ നേരിടുമെന്ന് ഫിയോക്ക് മുന്നറിയിപ്പ് നൽകി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യയോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായത്.

എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് ചിത്രങ്ങൾ ഫഹദ് ഫാസിലിന്റേതായി ഒടിടിയിൽ റിലീസ് ചെയ്‌ത സാഹചര്യത്തിൽ ഇതിന്റെ വിശദീകരണം അറിയുന്നതിനായാണ്‌ ഫഹദിനെ ഫോണിൽ ബന്ധപ്പെട്ടതെന്ന്‌ ഫിയോക്‌ വിശദീകരിക്കുന്നു.

രണ്ട് ചിത്രങ്ങളും ലോക്‌ഡൗൺ സമയത്ത് ഒടിടിക്കു വേണ്ടി മാത്രം ഷൂട്ട് ചെയ്‌തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി ഫിയോക് അംഗങ്ങൾ പറഞ്ഞു. മാത്രമല്ല ഒടിടി സിനിമകളുമായി ഉടൻ സഹകരിക്കുന്നില്ലെന്ന ഉറപ്പും ഫഹദ് നൽകിയതായും ഇവർ അറിയിച്ചു.

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യം 2 തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു.