സൂര്യ 44 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്ക്

0
58

കാർത്തിക് സുബ്ബരാജിൻ്റെ സൂര്യ 44 എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ നടൻ സൂര്യയ്ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചു. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ട്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയിൽ ചിത്രീകരിക്കുന്നത്.

സൂര്യയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിൻറെ നിർമ്മാതാവ് എക്സ് പോസ്റ്റിൽ പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ പരിക്ക് ആയിരുന്നു. ദയവായി വിഷമിക്കേണ്ട, സൂര്യ അണ്ണാ നിങ്ങളുടെ എല്ലാ സ്നേഹത്തോടും പ്രാർത്ഥനകളോടും കൂടി സുഖമായിരിക്കുന്നു”. ‘സൂര്യ 44’ൻറെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ ആരംഭിച്ചത്. നേരത്തെ ചിത്രത്തിൻറെ ആദ്യ ഷെഡ്യൂൾ അൻഡമാനിൽ നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തിൽ ചിത്രത്തിൻറെ ഒരു ഗ്ലിംസ് അണിയറക്കാർ പുറത്തുവിട്ടിരുന്നു.

സൂര്യയുടെ സ്വന്തം ബാനർ 2ഡി എൻറർടെയ്മെൻറും, സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷനും ചേർന്നാണ് സൂര്യ 44 നിർമ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂർത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തിൽ എത്തിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന കങ്കുവ വരുന്ന ഒക്ടോബറിലാണ് റിലീസാകുന്നത്.