കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഒരുങ്ങി ഏരീസ് കൊല്ലം സെയിലേഴ്സ്. സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ടീം. മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിനെ ടീം ബ്രാൻഡ് അംബാസഡറായും മുൻ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബിയെ ഐക്കൺ കളിക്കാരനായും പ്രഖ്യാപിച്ചു. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ് ലൈനും പുറത്തിറക്കി. ‘എടാ മോനെ , കൊല്ലം പൊളിയല്ലേ…’ എന്നതാണ് ടീമിന്റെ ടാഗ് ലൈൻ .
ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. എൻ. പ്രഭിരാജാണ് ടീമിന്റെ സിഇഒ. ഫിസിയോ – ആഷിലി ടോമി, ട്രൈനെർ – കിരൺ , വീഡിയോ അനലിസ്റ്റ് – ആരോൺ, ബോളിങ് കോച്ച് – മോനിഷ്, ബാറ്റിംഗ് കോച്ച് – നിജിലേഷ് എന്നിവരാണ് സപ്പോർട്ടിങ് സ്റ്റാഫ്. മറൈൻ മേഖലയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഏരീസ്, കപ്പൽ ആങ്കറിനെയും ക്രിക്കറ്റിനെയും കൂട്ടിക്കലർത്തിയ ലോഗോയാണ് പുറത്തിറക്കിയത്. നാളെ തിരുവനന്തപുരം ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ലേലത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കുമെന്ന് ഡോ. എൻ. പ്രഭിരാജ് പറഞ്ഞു.
കേരളത്തിലെ യുവാക്കൾക്കിടയിൽ ക്രിക്കറ്റിന്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ സ്വപ്‌നങ്ങൾക്ക് കരുത്തേകാൻ ടീമിന് സാധിക്കുമെന്നും പ്രഭിരാജ് കുട്ടിച്ചേർത്തു. വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ കെ സി എല്ലിൽ നിന്നു ലാഭം ലഭിക്കുകയാണെങ്കിൽ അനാഥരായ അവിടുത്തെ കുട്ടികളുടെ പഠനം, കരിയർ ഡിസൈൻ, തുടങ്ങി ജോലി ലഭിക്കുന്നതുവരെയുള്ള മുഴുവൻ ചിലവുകളും, മാതാപിതാക്കളിൽ ഒരാൾ നഷ്ടമായ പത്തു കുട്ടികളുടെ പഠന ചിലവും ഏറ്റെടുക്കുന്നതിലേക്ക് വകയിരുത്തുമെന്ന് സോഹൻ റോയ് പറഞ്ഞു.
കെസിഎല്ലിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരളത്തിൽ വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച അവസരമാണ് കൊല്ലം ടീമിലൂടെ സാക്ഷാത്കരിക്കുന്നതെന്നും, എല്ലാവിധ സഹായങ്ങളും ഏരീസ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ സ്ക്കൂളുകളിലും കോളേജുകളിലും ഈവർഷം തന്നെ ക്രിക്കറ്റ് ക്ലബ്ബുകളും കൊല്ലം സെയിലേഴ്സിന്റെ ഫാൻസ് ക്ലബ്ബുകളും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കൊല്ലം ജില്ലയിലെ ക്രിക്കറ്റ് രംഗത്തിന് പുത്തനുണർവ്വുണ്ടാക്കാൻ ഏരീസ് കൊല്ലം സെയിലേഴ്‌സിലൂടെ സാധിക്കുമെന്നും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജി . സജികുമാർ പറഞ്ഞു.