വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും

0
83

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി സുരക്ഷാ കാരണങ്ങളാൽ ഇന്ന് തിരച്ചിൽ ഉണ്ടാകില്ല.

രാവിലെ 11.20 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ പ്രധാന മന്ത്രി ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കും.ഉരുൾപ്പൊട്ടൽ നാശം വിതച്ച മേഖലകളിൽ ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തും.

തുടർന്ന് കൽപ്പറ്റയിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡിൽ ഇറങ്ങി റോഡ് മാർഗ്ഗം ചൂരൽ മലയിലെത്തും. പിന്നീട് സൈന്യം നിർമിച്ച ബെയിലി പാലം സന്ദർശിക്കും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ കാണും.

മേപ്പാടിയിലെ സ്വകാര ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കും.പിന്നാലെ കലക്ട്രേറ്റിൽ നടക്കുന്ന ഉന്നത തല യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് വയനാട്ടിലേക്കുള്ള യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിക്കും.

അടിയന്തിര പുനർനിർമ്മാണത്തിനായി 2000 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമായിരിക്കും പ്രധാനമായും സംസ്ഥാന സർക്കാർ പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തെതുടർന്ന് പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളാണ് വയനാട്ടിൽ ഒരുക്കിയിട്ടുള്ളത്.

കൽപ്പറ്റയിൽ പ്രധാനമന്ത്രി മടങ്ങും വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ശനിയാഴ്ച തിരച്ചിൽ ഉണ്ടാകില്ല.