ചൂരൽമലയിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കാൻ ആധുനിക ഡ്രോണുകൾ

0
132

ചൂരൽമലയിലെ രക്ഷാപ്രവർത്തകർക്ക് സമയാസമയങ്ങളിൽ ഭക്ഷണം എത്തിക്കാനും ഡ്രോണുകൾ ഉപയോഗപ്പെടുത്തി. ഒരു കുട്ടയിൽ ഒരേ സമയം പത്ത് പേർക്ക് ഭക്ഷണപൊതികൾ കൊണ്ട് പോകാൻ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവർക്കായി ഭക്ഷണം അവരുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോൺ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവർത്തകർക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

മേപ്പാടി പോളിടെക്‌നിക്കിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേൽനോട്ടത്തിൽ കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.