അന്ന് 2001 നവംബർ 9 ന് തിരുവനന്തപുരം ഗ്രാമമായ അമ്പൂരി കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ചു

0
189

2001 നവംബർ 9 ന് തിരുവനന്തപുരം ഗ്രാമമായ അമ്പൂരി കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ചു. അമ്പൂരി എന്ന മലയോര ഗ്രാമം മുഴുവൻ ദുരന്തത്തിൻ്റെ രാക്ഷസ തിരമാലകളിൽ ഒലിച്ചുപോയി. 39 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. പക്ഷേ, ദുരന്തത്തിൻ്റെ ഓർമ്മകൾ മാഞ്ഞുപോയി, തിരുവനന്തപുരത്തിൻ്റെ ഭൂപടത്തിലേക്ക് ഈ കൊച്ചുഗ്രാമം പുതിയൊരു പേര് ചേർക്കുന്നു. അതൊരിക്കലും വേദനിപ്പിക്കുന്ന ഓർമ്മകളല്ല. തിരുവനന്തപുരത്തെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിയിലേക്കാണ് അമ്പൂരി ഉയർന്നത്. ദുരന്തമുഖങ്ങളിൽ വീണുപോകുന്ന ഓരോ നാടിനും പ്രതീക്ഷയാണ് അമ്പൂരിയുടെ ഈ തിരിച്ചുവരവ്.

തിരുവനന്തപുരം ജില്ലയിലെ അധികം അറിയപ്പെടാതെ കിടക്കുന്ന ഇടങ്ങളിലൊന്നാണ് അമ്പൂരി. വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് അമ്പൂരിയെ മനോഹരമാക്കുന്നത്. ഇതിന്റെ തെളിമയുള്ള വെള്ളവും കരയിലെ കാഴ്ചകളും റബർ തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ് എങ്ങോട്ടോ പോകുന്ന പാതകളും ഒക്കെക്കൂടി അമ്പൂരിയെ ഒരു സ്വർഗ്ഗമാക്കി മാറ്റുന്നു.

അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിൻ്റ് എന്നു വിശേഷിപ്പിക്കുവാൻ പറ്റിയ ഇടമാണ് ദ്രവ്യപ്പാറ. ഈ പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ ഗംഭീരമാണ്. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ സമ്മാനിക്കുന്നത്. അമ്പൂരിയ്ക്ക് സമീപത്തുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറ്റത്തിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണിത്. ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒക്കെ മാറി ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്.

അമ്പൂരി എന്ന വ്യത്യസ്തമായ പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്. മാർത്താണ്ഡ വർമ്മ രാജാവിൻ്റെ വില്ലളികളിൽ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കൽ ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ ‘അമ്പ് ഊരിയ’ സ്ഥലമാണ് പിന്നീട് അമ്പൂരി എന്നറിയപ്പെടുന്നതത്രെ.