തിരുവനന്തപുരത്ത് എയർ പിസ്റ്റൾ ഉപയോഗിച്ച് യുവതിയെ വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

0
72

തിരുവനന്തപുരം വഞ്ചിയൂരിൽ എയർ പിസ്റ്റൾ ഉപയോഗിച്ച് യുവതിയെ വെടിവെച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറായ ദീപ്തിയാണ് അറസ്റ്റിലായത്. കൊല്ലത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. പരിക്കേറ്റ ഷിനിയുടെ ഭർത്താവുമായുള്ള പ്രശ്നമാണ് വെടിവെപ്പിന് കാരണമെന്നാണ് റിപ്പോർട്ട്.

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ ഷിനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ദീപ്തി ഷൈനിക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. മാസ്‌ക് ധരിച്ചെത്തിയ ദീപ്തി വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. കൈയ്ക്ക് വെടിയേറ്റ ഷിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊറിയർ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് ഷിനിയോട് ആവശ്യപ്പെട്ടിരുന്നു. ഷിനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷിനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഷിനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്.