ഡൽഹി സിവിൽ സർവീസ് അക്കാദമിയിൽ വിദ്യാർഥികൾ വെള്ളത്തിൽ കുടുങ്ങി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ 50കാരൻ അറസ്റ്റിൽ. സ്വന്തം കാറിൽ വീട്ടിലേക്ക് പോയ മനോജ് കതൂരിയയാണ് അറസ്റ്റിലായത്. റാവുസ് ഐഎഎസ് അക്കാദമിക്ക് മുന്നിലെ വെള്ളക്കെട്ടിലൂടെ മനോജ് ഓടിച്ച എസ്‌യുവിയാണ് അക്കാദമിയുടെ ബേസ്മെൻ്റിലേക്ക് വെള്ളം കയറാൻ ഇടയാക്കിയതെന്ന് പോലീസ് കണ്ടെത്തി.
ഡൽഹിയിൽ ബിസിനസുകാരനായ ഇദ്ദേഹത്തിൻ്റെ വീട് റാവുസ് അക്കാദമിയിൽ നിന്ന് 700 മീറ്ററോളം മാറിയാണ്. ഇയാളുടെ വാഹനം കടന്നുപോകുന്നത് വരെ അക്കാദമിയുടെ ബേസ്മെൻ്റിലേക്ക് വെള്ളം ഒഴുകിയിരുന്നില്ല. എന്നാൽ മനോജിൻ്റെ വാഹനം വേഗത്തിൽ മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോൾ ശക്തമായ തിരയുണ്ടാവുകയും അക്കാദമിയുടെ ഗേറ്റ് വെള്ളത്തിൻ്റെ ശക്തിയിൽ തകർന്നു പോവുകയുമായിരുന്നു. പിന്നാലെയാണ് അതിശക്തമായി വെള്ളം ബേസ്മെൻ്റിലേക്ക് ഒഴുകിയത്. ഇതിൻ്റെ വീഡിയോ ദൃശ്യം അക്കാദമിയിലെ ഒരു വിദ്യാർത്ഥി ഫോണിൽ പകർത്തിയിരുന്നു.
എന്നാൽ റോഡിൽ ഗതാഗതം നിയന്ത്രിച്ചുകൊണ്ടുള്ള മുന്നറിയിപ്പുണ്ടായിരുന്നില്ലെന്നും അതിനാലാണ് മനോജ് മുന്നോട്ട് പോയതെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രതികരിച്ചു. 15 കിലോമീറ്റർ മാത്രം വേഗത്തിലാണ് മനോജ് വാഹനം ഓടിച്ചത്. തറനിരപ്പിൽ നിന്ന് രണ്ടര അടിയോളം ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നുവെന്നും അഭിഭാഷകൻ രകേഷ് മൽഹോത്ര ചൂണ്ടിക്കാട്ടി.
കോച്ചിങ് സെൻ്റർ സിഇഒ അഭിഷേക് ഗുപ്തയും കോർഡിനേറ്റർ ദേശ്പാൽ സിങും അടക്കം ഏഴ് പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കേസിൽ ആദ്യത്തെ എഫ്ഐആറിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 105, 115(2) കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഇതേ വകുപ്പുകളാണ് മനോജ് കതുറിയക്കെതിരെയും ചുമത്തിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.