ഷിരൂരിലെ രക്ഷാദൗത്യം; പരിശോധന കാലാവസ്ഥ പൂർണമായും അനുകൂലമായാൽ മാത്രം

0
141

ഉരുൾപൊട്ടൽ ഉണ്ടായ ഷിരൂരിൽ കാലാവസ്ഥ പൂർണമായും അനുകൂലമായാൽ മാത്രമേ ഇന്ന് പുഴയിൽ പരിശോധന നടത്തൂ. അടുത്ത 21 ദിവസത്തേക്ക് മഴ ലഭിക്കുമെന്ന് പ്രവചിച്ചതിനാൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം തിരച്ചിൽ നടത്താനാണ് നീക്കം. അതേസമയം, തൃശ്ശൂരിലെ ഡ്രഡ്ജിംഗ് മെഷീൻ്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരിലെത്തും. സ്ഥലത്തെ ഡ്രെഡ്ജിംഗ് യന്ത്രം അനുയോജ്യമാണോയെന്ന് പരിശോധിക്കും. ഇവർ കാറിൽ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. കൃഷിവകുപ്പിലെ രണ്ട് അസിസ്റ്റൻ്റ് ഡയറക്ടർമാരും ഒരു മെഷീൻ ഓപ്പറേറ്ററുമാണ് സംഘത്തിലുള്ളത്. അസിസ്റ്റൻ്റ് വിവാൻസി എജെ, പ്രതീഷ് വിഎസ്, ഓപ്പറേറ്റർ കം ടെക്നീഷ്യൻ എന്നിവരാണ് സംഘത്തിലുള്ളത്. അതേസമയം മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്ന് തുറന്നേക്കും.

അർജുനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

അർജുനെ മാത്രമല്ല, ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. അവർക്കായി തെരച്ചിൽ തുടരണം. അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വം ഉണ്ട്. എത്ര കാലത്തേക്ക് എന്നറിയില്ല. കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. മുൻപ് ലോറി കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി പറഞ്ഞു. എല്ലാവരുടേയും പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നത് ഇനിയും വേണമെന്നും അർജുൻ്റെ കുടുംബം പറഞ്ഞു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് അമ്മ ചോദിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സഹോദരി കൂട്ടിച്ചേർത്തു.

രക്ഷാ ദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

തെരച്ചിൽ താത്ക്കാലികമായി നിർത്തിവെച്ചതായി കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചിരുന്നു. നടപടിയിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരും ബന്ധു ജിതിനും മന്ത്രി മുഹമ്മദ് റിയാസും പ്രതിഷേധമറിയിച്ചിരുന്നു. ​ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു എംഎൽഎയുടെ വിശദീകരണം.