അർജുനുവേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയിട്ട് ഇന്ന് പത്താം ദിവസം; ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ

0
137

ശിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയിട്ട് ഇന്ന് പത്താം ദിവസമാണ്. അപകടസ്ഥലത്ത് നിന്ന് 20 മീറ്റർ അകലെ കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിന്, റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തിരച്ചിലിന് മേൽനോട്ടം വഹിക്കാൻ കർണാടക ക്രമസമാധാന എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു.

ലോറി വലിച്ച് കയറ്റാൻ വലിയ ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മേഖലയിൽ കനത്ത മഴ തുടരുകയാണ്. ​ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മൺകൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അർജുൻ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണ. നിർണായക ദൗത്യം ഇന്ന് ലക്ഷ്യത്തിൽ എത്തുമെന്നാണ് ദൗത്യസംഘത്തിന്റെേ പ്രതീക്ഷ.

ദൗത്യത്തിന് കരസേനയും നാവികസേനയും പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. മുങ്ങൽ വിദഗ്ധരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീടാകും ലോറി പുറത്തെടുക്കാനുള്ള ശ്രമം. ലോറി കണ്ടെത്തിയ സ്ഥലത്തെ മണ്ണ് നീക്കം ദ്രുതഗതിയിലാക്കാൻ കൂടുതൽ സംവിധാനങ്ങൾ എത്തിക്കും.