ആഴത്തിലുള്ള തിരച്ചിൽ നടത്താൻ ബൂം യന്ത്രം ഷിരൂരിൽ

0
111

ഷിരൂരിൽ കാണാതായ അർജുനുവേണ്ടി ഗംഗാവലി നദിയിൽ ഇന്നും തിരച്ചിൽ തുടരും. ആഴത്തിലുള്ള തിരച്ചിൽ നടത്താൻ ബൂം യന്ത്രം ഷിരൂരിലെത്തി. 60 മീറ്റർ ദൂരത്തിലും ആഴത്തിലും നദി പരിശോധിക്കാൻ കഴിയുന്ന കൂറ്റൻ മണ്ണുമാന്തി യന്ത്രമാണിത്. കരയിൽ നിന്ന് ബൂം മെഷീൻ ഉപയോഗിച്ച് നദി പരിശോധിക്കാം. ബെലഗാവിയിൽ നിന്നാണ് ബൂം ക്രെയിൻ ഷിരൂരിൽ എത്തിച്ചത്. നേരത്തെ സാങ്കേതിക തകരാറിനെ തുടർന്ന് ബൂം യന്ത്രം എത്തിക്കുന്നത് വൈകിയിരുന്നു.

ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു.

അതിനിടെ കർണാടക ഷിരൂരിലെ മണ്ണിടിയച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ വ്യക്തമാക്കി. അപകടമുണ്ടായ രാവിലെ 8.40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് എംഎൽ‌എ ട്വന്റിഫോറിനോട് പ്രതികരിച്ചു. അപകടമുണ്ടായ 16ന് പുലർച്ചെ 3.47ന് അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായതെന്ന് എംഎൽഎ വ്യക്തമാക്കി.

ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അർജുനായുള്ള തെരച്ചിലുമായും ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളിലും ഉൾപ്പെടെ തെറ്റായ വിവരങ്ങൾ പുറത്തുവരുന്നുവെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ഇന്നലെ ട്വന്റിഫോർ എൻകൗണ്ടർ പ്രൈമിൽ പ്രതികരിച്ചിരുന്നു. അർജുനെ കാണാതായ ശേഷവും അർജുൻ സഞ്ചരിച്ചിരുന്ന ലോറി ഓണായെന്ന വാർത്ത വന്നതെങ്ങനെയെന്ന് തനിക്കറിയില്ലെന്ന് മനാഫ് പറഞ്ഞു. ഫോൺ ഓണായെന്നതിൽ മാത്രമാണ് തനിക്ക് ഉറപ്പുള്ളതെന്നും മനാഫ് വ്യക്തമാക്കി.