ഗാസ; ഇസ്രായേൽ ടാങ്കുകൾ നടത്തിയ ആക്രമണത്തിൽ 70 ഫലസ്തീനികൾ കൊല്ലപ്പെട്ടു

0
150

ഗാസയിലെ ഖാൻ യൂനിസിൽ തിങ്കളാഴ്ച ഇസ്രായേൽ ടാങ്കുകൾ നടത്തിയ ആക്രമണത്തിൽ 70 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ നേരത്തെ സുരക്ഷിതമെന്ന് പ്രഖ്യാപിച്ചിരുന്ന മവാസി ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ഫലസ്തീനികളോട് ഇസ്രായേൽ സൈന്യം ഉത്തരവിട്ടതിന് പിന്നാലെയാണ് ആക്രമണം. കര ആക്രമണത്തിനൊപ്പം വ്യോമാക്രമണവും ഉണ്ടായി.

ഇസ്രയേൽ ലക്ഷ്യമിട്ട പ്രദേശങ്ങളിൽ നാലുലക്ഷത്തോളം പേരാണ് താമസിക്കുന്നത്. ഇവരിൽ ഒട്ടേറെപ്പേർ ഇവിടം വിട്ടുപോകാൻ തുടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഖാൻ യൂനിസിലെ രണ്ട് ക്ലിനിക്കുകളും ആക്രമണത്തിൽ തകർന്നു.

ഹമാസിനെതിരായ ആക്രമണം തുടങ്ങാൻ പദ്ധതിയുണ്ടെന്നു പറഞ്ഞാണ് ഈ പ്രദേശങ്ങളിൽനിന്ന് ഒഴിയാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചത്. മധ്യ-തെക്കൻ ഗാസയിൽ ആക്രമണം തുടരുമെന്നും പറയുകയുണ്ടായി. ഗാസയിലെ ആകെ മരണം 39,006 ആയി.

അതിനിടെ, യു.എസ്. പ്രസിഡന്റ് ജോ ബൈഡനെ സന്ദർശിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച പുറപ്പെട്ടു. അതിനിടെ, ശനിയാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയ യെമെനിലെ ഹൊദെയ്ദ തുറമുഖത്തെ തീ മൂന്നാംദിവസവും അണയ്ക്കാനായില്ല. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തെ എണ്ണ ടാങ്കുകൾക്കും വൈദ്യുതിനിലയത്തിനുമാണ് തീപിടിച്ചത്.