ഇതര സംസ്ഥാന തൊഴിലാളിയെ പട്ടികൂട്ടിൽ താമസിപ്പിച്ച സംഭവം മന്ത്രി ശിവൻകുട്ടി റിപ്പോർട്ട് തേടി

0
91

പിറവത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പട്ടികൂട്ടിൽ നിർത്തിയ സംഭവത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ലേബർ കമ്മിഷണർക്ക് മന്ത്രി നിർദേശം നൽകി. ബംഗാൾ സ്വദേശിയായ ശ്യാം സുന്ദർ പിറവം ടൗണിലെ ഒരു സമ്പന്നന്റെ വീടിനോട് ചേർന്നുള്ള പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിക്കുന്നുവെന്ന വാർത്തയെ തുടർന്നാണ് മന്ത്രിയുടെ നടപടി.

മൂന്നു മാസമായി ശ്യാം സുന്ദർ 500 രൂപ വാടക നൽകി പട്ടിക്കൂട്ടിലാണ് താമസിക്കുന്നത്. സമ്പന്നന്റെ വീടിനു പുറകിലുള്ള പഴയ വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്നുണ്ട്. അവിടെ താമസിക്കാൻ പണമില്ലാത്തതിനാലാണ് 500 രൂപയ്ക്കു പട്ടിക്കൂടിൽ താമസിക്കുന്നതെന്നാണ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ശ്യാം സുന്ദർ പറയുന്നത്.

ശ്യാം സുന്ദർ കേരളത്തിലെത്തിയിട്ട് നാലുവർഷമായി. പട്ടിക്കൂടിന്റെ ഗ്രില്ലിനു ചുറ്റും കാർഡ് ബോർഡ് കൊണ്ട് മറച്ചിട്ടുണ്ട്. പാചകമെല്ലാം കൂട്ടിനകത്താണ്. കൂട് പൂട്ടാൻ പൂട്ടുമുണ്ട്. അടുത്തുള്ള വീട്ടിൽ വാടകക്കാർ ഉണ്ടെന്നും ശ്യാം സുന്ദർ പട്ടിക്കൂടിലാണോ കഴിയുന്നതെന്ന് അറിയില്ലെന്നും വീട്ടുടമ പ്രതികരിച്ചു. വീട്ടുടമയുടെ വീടിനോട് ചേർന്നാണ് പട്ടിക്കൂട്. സംഭവമറിഞ്ഞ നഗരസഭാ അധികൃതർ സ്ഥലത്തെത്തിയിരുന്നു.