രാജ്യത്ത് ഇപ്പോൾ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചുവരുന്ന അവസ്ഥയാണുള്ളത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാത്തതിൻ്റെ ഫലമായി നിങ്ങൾ നിരവധി തട്ടിപ്പുകൾക്ക് ഇരയാകേണ്ടി വരുന്നുണ്ടെന്നും, നിലവിൽ ഇന്ത്യയിലെ 17% ആളുകൾ അവരുടെ ബാങ്കിംഗ് പാസ്‌വേഡുകൾ സുരക്ഷിതമായി മൊബൈലിൽ സൂക്ഷിക്കുന്നു എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വ്വേ ആണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. 34 ശതമാനം പേര്‍ തങ്ങളുടെ പാസ്‌വേര്‍ഡുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാറുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു. എവിടെയാണ് പാസ്‌വേര്‍ഡുകള്‍ സൂക്ഷിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരോട് ചോദിച്ചിരുന്നു. 4 ശതമാനം പേര്‍ തങ്ങളുടെ മൊബൈല്‍ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലാണ് പാസ്‌വേര്‍ഡ് സൂക്ഷിക്കുന്നതെന്നാണ് പ്രതികരിച്ചത്.
4 ശതമാനം പേർ തങ്ങളുടെ രഹസ്യ പാസ്‌വേഡുകൾ മൊബൈൽ പാസ്‌വേഡ് ആപ്പിൽ സൂക്ഷിക്കുന്നതായി പറഞ്ഞു. മറ്റൊരു 4 ശതമാനം പേർ തങ്ങളുടെ പാസ്‌വേഡുകൾ ചില മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കുന്നുവെന്ന് പറഞ്ഞു. അഞ്ചുശതമാനം പേർ തങ്ങളുടെ പേഴ്സിൽ പാസ്വേഡുകളുള്ള നോട്ട്ബുക്കുകൾ സൂക്ഷിക്കുന്നതായി പറഞ്ഞു. സര്‍വ്വേയില്‍ പങ്കെടുത്ത 14 ശതമാനം പേര്‍ പാസ്സ്‌വേർഡ് ഒരിടത്തും എഴുതി സൂക്ഷിക്കാറില്ലെന്നും പാസ്‌വേര്‍ഡുകള്‍ ഓര്‍ത്തെടുക്കുകയാണ് പതിവെന്നും പറഞ്ഞു.