കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
133

കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കള്ള കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

അതേസമം സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കിയിൽ പുഴയിൽ വീണ് താളുംകണ്ടം സ്വദേശി സനീഷ്(23) മരിച്ചു. ആലപ്പുഴയിൽ മരം വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉനൈസ്(30) മരിച്ചു. തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി അലോഷ്യസ് മരിച്ചു.