കാംലിൻ സ്ഥാപകൻ സുഭാഷ് ദന്ദേക്കർ മുംബൈയിൽ അന്തരിച്ചു

0
204

കഴിഞ്ഞ ബാല്യകാലത്തിൻ്റെ ഓർമയായി ഇപ്പോഴും തുരുമ്പെടുക്കാതെ സൂക്ഷിച്ചിരിക്കുന്ന ഒരു തകരപ്പെട്ടി പലരുടെയും പക്കലുണ്ടാകും. കാംലിൻ എന്ന ആ പെട്ടിയിൽ കണക്കിൻ്റെ അളവുകളും സൗഹൃദവും സ്നേഹവും വിശ്വാസവും അങ്ങനെ പലതും ഒളിഞ്ഞിരുന്നൊരു കാലം. വിദ്യാഭ്യാസ ഉൽപ്പന്ന വിപണിയിൽ ബ്രാൻഡ് കേന്ദ്രീകൃതമല്ലാത്ത ഒരു കാലത്തിൽ കാംലിൻ ബ്രാൻഡിൻ്റെ വരവോടു കൂടി വിപ്ലവകരമായ ഒരു മാറ്റത്തിന് വഴി തെളിച്ചു. ആ കമ്പനിക്ക് അതിനുള്ള ദിശാബോധവും കരുത്തുമായി നിന്ന സ്ഥാപകൻ സുഭാഷ് ദന്ദേക്കർ മുംബൈയിൽ 86 വയസിൽ അന്തരിച്ചു.

Camlin Group's Subhash Dandekar No More; Head Of Iconic Company Passes Away At 81

കാംലിൻ്റെ സ്ഥാപകനും കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസുമായിരുന്നു അദ്ദേഹം. വിയോഗ വാർത്ത കുടുംബമാണ് പുറത്തുവിട്ടത്. ഇന്നലെയായിരുന്നു അന്ത്യം. മുംബൈയിൽ ഇന്നലെ തന്നെ സംസ്കാര കർമ്മം നിർവഹിച്ചു. ജപ്പാൻ കേന്ദ്രമായ കൊകുയോ എന്ന കമ്പനിയ്ക്ക് തൻ്റെ കാംലിൻ ബ്രാൻഡ് ഓഹരികൾ നേരത്തെ തന്നെ സുഭാഷ് ദന്ദേക്കർ വിറ്റിരുന്നു. പിന്നീട് കൊകുയോ കാംലിൻ്റെ ചെയർമാൻ എമിററ്റസ് പദവിയിൽ തുടരുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

ചിത്രകലാ ഉൽപ്പന്ന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയാണ് ദന്ദേക്കർ വിപണിയിൽ ശ്രദ്ധ നേടിയത്. പിന്നീട് ഓഫീസ് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിതരണ രംഗത്തേക്കും പ്രൊഫഷണൽ കലാ ഉൽപ്പന്ന വിതരണത്തിലേക്കും അദ്ദേഹം കടന്നു.

വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ ഉപകരണങ്ങളും ഉൽപ്പന്നങ്ങളും പുറത്തിറക്കിയതിനുശേഷം കാംലിൻ തിരിഞ്ഞുനോക്കിയിട്ടില്ല. ഉൽപന്നങ്ങളുടെ മികച്ച ഗുണനിലവാരം കമ്പനിയെ വിപണിയിൽ കാലുറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കേരളമുൾപ്പെടെ രാജ്യത്തുടനീളം തൻ്റെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനും ജനപ്രീതി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. മഹാരാഷ്ട്രയിൽ സ്വകാര്യ മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചയാളാണ് ദന്ദേക്കറെന്ന് ബിസിനസ് ലോകം അനുസ്മരിക്കുന്നു. 1990-1992 കാലത്ത് മഹാരാഷ്ട്ര ചേംബർ ഓഫ് കൊമ്മേഴ്സ് ആൻ്റ് ഇൻ്റസ്ട്രീസ് പ്രസിഡൻ്റായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.