തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

0
195

ജർമ്മൻ അറ്റാക്കിംഗ് മിഡ്ഫീൽഡറും 2014 ഫിഫ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സ്വന്തം നാട്ടിൽ നടന്ന യൂറോ കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ താരം വിരമിക്കുമെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ടായിരുന്നു. ക്വാർട്ടറിൽ സ്പെയിനോടാണ് ജർമനി പരാജയപ്പെട്ടത്. ബയേൺ മ്യൂണിക്ക് താരമായ മുള്ളർ ക്ലബ് ഫുട്ബാളിൽ തുടരും. ജർമനിക്കായി 131 മത്സരങ്ങളിൽനിന്ന് 45 ഗോളുകൾ നേടിയിട്ടുണ്ട്. യൂറോ കപ്പിൽ പകരക്കാരന്‍റെ റോളിലാണ് താരം കളിക്കാനിറങ്ങിയത്.

യൂറോ കപ്പ് ടൂർണമെന്‍റ് പൂർത്തിയായതിനു പിന്നാലെയാണ് താരം സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്. ‘ഇത്രയും കാലം എന്നെ പിന്തുണച്ച ആരാധകര്‍ക്കു നന്ദി. 131 മത്സരങ്ങളിൽനിന്നായി 45 ഗോളുകള്‍ നേടി. ഞാന്‍ ഗുഡ് ബൈ പറയുന്നു. രാജ്യത്തെ പ്രതിനിധീകരിച്ചതില്‍ അഭിമാനിക്കുന്നു’ -മുള്ളർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

‘എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. 2026 ലോകകപ്പിലേക്കുള്ള ജർമനിയുടെ യാത്രയിൽ കളിക്കാരനായല്ല, ഒരു ആരാധകനെന്ന നിലയിൽ ടീമിനൊപ്പമുണ്ടാകും’- താരം വ്യക്തമാക്കി.

2010 മാർച്ചിൽ അർജൻ്റീനയ്‌ക്കെതിരെയാണ് മുള്ളർ അരങ്ങേറ്റം കുറിച്ചത്. 2014ൽ ജർമ്മനി നേടിയ ലോകകപ്പിലെ ടീമിലെ അംഗമായിരുന്നു. ഈ ലോകകപ്പിൽ പോർച്ചുഗലിനെതിരെ ഹാട്രിക് അടക്കം 5 ഗോളുകളാണ് താരം നേടിയത്. ലോകകപ്പിൽ ജർമ്മനിക്കായി 19 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിട്ടുണ്ട്. മൂന്ന് അസിസ്റ്റുകളും താരത്തിൻ്റെ പേരിലുണ്ട്. യൂറോ കപ്പിൽ 12 മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാനാകാതെയാണ് താരത്തിന്റെ പടിയിറക്കം.രണ്ട് അസിസ്റ്റുകളാണ് താരത്തിൻ്റെ പേരിലുള്ളത്.