കേടായ കാർ നൽകിയ കേസിൽ ഉപഭോക്താവിന് 36 ലക്ഷം രൂപ തിരികെ നൽകണമെന്ന് സുപ്രീം കോടതി

0
164

കേടായ കാർ നൽകിയ കേസിൽ മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താവിന് 36 ലക്ഷം രൂപ തിരികെ നൽകണമെന്ന് സുപ്രീം കോടതി. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ സഹിക്കാൻ ആളുകൾ ഉയർന്ന നിലവാരമുള്ള ആഡംബര കാറുകൾ വാങ്ങേണ്ട ആവശ്യം ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ ഉത്തരവിനെതിരെ കാർ നിർമ്മാതാക്കൾ നൽകിയ അപ്പീലിലാണ് കോടതിയുടെ പരാമർശം. 2003ൽ കാർ വാങ്ങിയതിന് തൊട്ടുപിന്നാലെ കാറിന്റെ സെൻ്റർ ഹമ്പിൻ്റെ ഇടതുവശത്ത് അമിതമായി ചൂടാകുന്ന പ്രശ്നത്തെ തുടർന്ന് കൺട്രോൾസ് ആൻഡ് സ്വിച്ച്ഗിയർ കമ്പനി ലിമിറ്റഡ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കേസിൽ സ്വിച്ച്‌ഗിയർ കമ്പനിക്ക് അനുകൂലമായാണ് വിധി വന്നത്. ഇതിനെതിരെയാണ് മേഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാൽ പരാതിക്കാരൻ കാർ ദീർഘകാലം കൈവശം വച്ചു എന്നത് പരിഗണിച്ച് ഉപഭോക്തൃ കോടതി വിധിച്ച 58 ലക്ഷം രൂപയ്ക്ക് പകരം 36 ലക്ഷം രൂപ തിരികെ നൽകാൻ നിർദേശിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരിശോധിച്ചതിൽ നിന്ന് ഹമ്പിൻ്റെ ഉപരിതലം അമിതമായി ചൂടാകുന്ന പ്രശ്നം കാറിൻ്റെ മൊത്തത്തിലുള്ള തകരാറോ ഗുണനിലവാരമില്ലായ്മയോ ആകാമെന്നും ബെഞ്ച് പറഞ്ഞു. കൂടാതെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(1) (എഫ്) പ്രകാരം കാർ നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി.

“ആളുകള്‍ അസൗകര്യങ്ങള്‍ സഹിക്കാൻ ഉയർന്ന നിലവാരമുള്ള ആഡംബര കാറുകള്‍ വാങ്ങാറില്ല. പ്രത്യേകിച്ചും പരസ്യങ്ങളിലും മറ്റുമായി നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾ മികച്ചതാണെന്ന് അവകാശപ്പെടുമ്പോൾ ഏറ്റവും സുരക്ഷിതമായ വാഹനമെന്ന് കരുതിയാണ് ഉപഭോക്താക്കള്‍ അവ വാങ്ങാന്‍ തയ്യാറാകുന്നത്, ” കോടതി അഭിപ്രായപ്പെട്ടു. ഈ കേസിൽ പരാതിക്കാരന് ഒരുപാട് അസൗകര്യങ്ങളും സമയനഷ്ടത്തിനും ഇടയായിട്ടുണ്ടെന്നും സുപ്രീം കോടതിയും അംഗീകരിച്ചു.