ദിവസ്സവും രണ്ട് പത്രം വായിച്ചു 21 കാരൻ നേടിയത് 10 ലക്ഷം

0
111

ഐഎഎസുകാർക്ക് ഓൺലൈൻ ക്ലാസുകൾ എടുത്തതിലൂടെ ലഭിച്ച വരുമാനം കൊണ്ട് 10 ലക്ഷം രൂപ വിലമതിക്കുന്ന ബലേനോ കാറും 21കാരൻ സ്വന്തമാക്കി. കാസർകോട് സ്വദേശി സായൂജ് എസ് ചന്ദ്രനാണ് ഈ ആശയത്തിന് പിന്നിൽ. രാജപുരം സെൻ്റ് പയസ് ടെൻത് കോളേജിലെ അവസാന വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ സായൂജ് യുട്യൂബിലെ ഐഎഎസ് കോച്ചിംഗ് ചാനലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കറന്റ് അഫയേഴ്‌സ്, സിവില്‍ സര്‍വ്വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ചരിത്രം, ഭൂമിശാസ്ത്രം, ജനറല്‍ സ്റ്റഡീസ് എന്നിവയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇദ്ദേഹം പരിശീലനം നല്‍കുന്നത്.

2025 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി സായൂജ് തയ്യാറെടുക്കുന്നുമുണ്ട്. ഐഎഎസ് ഹബ്ബ് മലയാളം എന്ന യുട്യൂബ് ചാനലിലെ വരുമാനം കൊണ്ടാണ് സായൂജ് കാര്‍ സ്വന്തമാക്കിയത്. വെറും ഒരു വര്‍ഷം കൊണ്ട് സമ്പാദിച്ച പണം കൊണ്ടാണ് കാർ മേടിച്ചത്. അധ്യാപകര്‍, ക്ലര്‍ക്കുമാര്‍, ഐടി പ്രൊഫഷണല്‍ തുടങ്ങി നിരവധി പേരാണ് സായുജിന്റെ ക്ലാസ്സുകള്‍ സ്ഥിരമായി കേള്‍ക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സായൂജിന്റെ അച്ഛൻ പി ചന്ദ്രന്‍ ഒരു വിമുക്തഭടനാണ്. അമ്മ സതി ചന്ദ്രന്‍ സാമൂഹക പ്രവര്‍ത്തകയും എംഎന്‍ആര്‍ഇജിഎസ് സൂപ്പര്‍വൈസര്‍ കൂടിയാണ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സ്വാമിജിസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സായൂജ് തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്ലസ് ടു പഠനം പൂർത്തിയാക്കിയ സായൂജ് 2022ൽ നീറ്റ് പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. രാജപുരം സെൻ്റ് പയസ് ടെൻ കോളേജിലെ 2022 ബിഎസ്‌സി മൈക്രോബയോളജി വിദ്യാർത്ഥിയാണ് സായൂജ്. വീട്ടിൽ നിന്ന് 35 കിലോമീറ്റർ അകലെയാണെങ്കിലും മെഡിക്കൽ സയൻസിന് അടുത്തുനിൽക്കുന്ന ഒരു വിഷയം പഠിക്കാൻ ആഗ്രഹിച്ചതിനാലാണ് മൈക്രോബയോളജി തിരഞ്ഞെടുത്തതെന്ന് സായൂജ് പറഞ്ഞു.