വിഷുവിപണി ; വിലക്കയറ്റം തടയാൻ കൺസ്യൂമർഫെഡ്

0
68

 

 

കോവിഡ് പ്രതിസന്ധികൾക്കിടയിലും സജീവമാകുകയാണ് വിഷുവിപണി. കോവിഡിൽ തട്ടിത്തകർന്ന കഴിഞ്ഞവർഷത്തെ വിഷുക്കച്ചവടം ഇക്കൊല്ലം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കച്ചവടത്തിന് നിയന്ത്രണമുണ്ടാകുമോയെന്ന ആശങ്കയും കച്ചവടക്കാർക്കുണ്ട്.

പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബ്രോഡ്‌വേയിലടക്കം കച്ചവടം. സാമൂഹിക അകലവും സാനിറ്റൈസേഷനും മാസ്കും നിർബന്ധമാക്കിയിട്ടുണ്ട്. കടകളിലെത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറുമടക്കം കച്ചവടക്കാർ എഴുതി സൂക്ഷിക്കുന്നുണ്ട്.

ഉത്സവകാലങ്ങളിലെ വിലക്കയറ്റത്തിനു തടയിടാൻ നിത്യോപയോ​ഗ സാധനങ്ങളുടെ വിൽപ്പനയുമായി കൺസ്യൂമർഫെഡും രം​ഗത്തുണ്ട്. വിഷു അടുക്കുന്നതോടെ കണിവെള്ളരി അടക്കമുള്ളവയുമായി പച്ചക്കറിവിപണിയും സജീവമാകും. വിലയും ഉയരുമെന്നു തന്നെയാണ്‌ സൂചന.

നിലവിൽ ബീൻസിനു മാത്രമാണ് വില ഉയർന്നിട്ടുള്ളത്. 56 രൂപയാണ് കിലോയ്ക്ക് എറണാകുളം മാർക്കറ്റിലെ വില. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ വിഷുക്കച്ചവടം വരുംദിവസങ്ങളിൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

പടക്കവിപണിയും സജീവം

വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ‌ടക്കവിപണി സജീവമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പടക്കവിപണിക്ക് ഉണർവ് നൽകിയിരുന്നു. വിഷുവും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും പ്രതീക്ഷയോടെയാണ് പടക്കവ്യാപാരികൾ കാത്തിരിക്കുന്നത്. ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങൾ, രണ്ടുമിനിറ്റ് കത്തിനിൽക്കുന്ന മേശപ്പൂ, 12 ഷോട്ട്, 120 ഷോട്ട്, സ്റ്റാർ ഫ്ലൈസ്, ​ഗോൾഡൻ കിങ്, ക്ലിയോപാട്ര എന്നിവയാണ് ഇത്തവണത്തെ താരങ്ങൾ.

10 മുതൽ 100 രൂപവരെയുള്ള കമ്പിത്തിരികളും 10 മുതൽ 150 രൂപവരെയുള്ള മേശപ്പൂവും വിപണിയിൽ ലഭ്യമാണ്. ശിവകാശിയിലെ പടക്കനിർമാണം കുറഞ്ഞത് പടക്കവ്യാപാരത്തെ ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കടയിലെ തിരക്ക് ഒഴിവാക്കാനായി ഹോം ഡെലിവറി സൗകര്യം ചില കടകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പിത്തിരിയും പൂത്തിരിയും പടക്കവുമടങ്ങിയ വിവിധതരം കിറ്റുകൾ വിൽപ്പനയ്ക്കുണ്ട്. വിഷു മുന്നിൽ കണ്ട് കടകളിലും വഴിയരികിലും കൃഷ്ണ പ്രതിമ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 100 രൂപ മുതലാണ്
വില.

വിലക്കയറ്റം തടയാൻ കൺസ്യൂമർഫെഡ്

സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന സംഘടിപ്പിച്ച ഈസ്റ്റർ വിപണി വിഷുവരെ തുടരും. എട്ടുകോടിയുടെ വിൽപ്പന ലക്ഷ്യമിട്ട് മാർച്ച് 28നാണ് വിപണി ആരംഭിച്ചത്. കൺസ്യൂമർഫെഡിന്റെ 17 ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴിയും 80 പ്രാഥമിക സഹകരണ സംഘങ്ങളിലൂടെയുമാണ് വിൽപ്പന.

പതിമൂന്നിന നിത്യോപയോ​ഗ സാധനങ്ങൾ സപ്ലൈകോ നൽകുന്ന സബ്സിഡി നിരക്കിലും മറ്റു നിത്യോപയോ​ഗ സാധനങ്ങൾ പൊതുമാർക്കറ്റിനേക്കാൾ 30 ശതമാനം വിലക്കുറവിലും ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വിൽപ്പന.

ഒരു കുടുംബത്തിന് ഒരാഴ്ചയിൽ ജയ അരി/കുത്തരി (അഞ്ചു കിലോ), പച്ചരി (രണ്ടു കിലോ), പഞ്ചസാര (ഒരു കിലോ), ചെറുപയർ, വൻ കടല, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി (അരക്കിലോ), വെളിച്ചെണ്ണ (അരക്കിലോ) ലഭിക്കും.