സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
106

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴയാണ് യെല്ലോ അലേർട്ട്.

കേരള തീരത്തും, തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻരെ മുന്നറിയിപ്പിൽ പറയുന്നു.

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം.