കോഴിക്കോട് വീണ്ടും 14കാരന് അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു

0
131

കോഴിക്കോട് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ കേസാണിത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂർ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (amoebic meningoencephalitis) അഥവാ അമീബിക് മസ്തിഷ്കജ്വരം. അമീബ അടങ്ങിയ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് നെയ്‌ഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോൾ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഈ രോ​ഗത്തിന് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയില്ല.

മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന്, ചെളിയും അഴുക്കും നിറഞ്ഞ വെള്ളം ഉപയോഗിച്ച് വായും മൂക്കും കഴുകാതിരിക്കുക. കാരണം ഇതിലൂടെ രോഗാണുക്കൾ തലച്ചോറിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സ്വിമിങ് പൂൾ ഉൾപ്പടെ കൃത്രിമമായി വെള്ളം കെട്ടിനിർത്തുന്ന എല്ലാ ജല സ്‌ത്രോസ്സുകളിലും ഇത്തരം അമീബ കാണാം. അതിനാൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന വെള്ളം കെട്ടിനിൽക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോൾ പ്രകാരം കൃത്യമായി ക്ലോറിനേഷൻ നടത്തി ശുചീകരിക്കേണ്ടതും അത്യാവശ്യമാണ്.

ഇത്തരത്തിലുള്ള അണുബാധ തടയുന്നതിന് ശുദ്ധീകരിക്കാത്ത ശുദ്ധജലത്തിൽ നീന്തുന്നത് ഒഴിവാക്കുക. ചൂടുള്ള കാലാവസ്ഥയിൽ പ്രത്യേകം ശ്രദ്ധിക്കുക. ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ മൂക്കിൽ ക്ലിപ്പുകൾ ധരിക്കുക എന്നുള്ളതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്.

ലക്ഷണങ്ങൾ എന്തൊക്കെ?

രോ​ഗം ബാധിച്ച് കഴിഞ്ഞാൽ ഏകദേശം ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങും. തലവേദന, പനി, ഛർദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുമ്പോൾ കഴുത്ത് വേദന, അപസ്മാരം, മാനസിക പ്രശ്നം വിഭ്രാന്തി എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.