നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

0
135

നീറ്റ് പിജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പുനര്‍ നിശ്ചയിച്ചത്. നേരത്തെ ജൂണ്‍ 23 ന് നിശ്ചയിച്ച പരീക്ഷകള്‍ മാറ്റി വക്കുന്നതായി ജൂണ്‍ 22നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് അറിയിച്ചു. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വിവാദമായിരുന്നു.

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന പശ്ചാത്തലത്തില്‍,പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും, സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം.നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന്, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.