ഉത്തര്‍പ്രദേശില്‍ കോവിഡ് വാക്‌സിന്‍ എടുക്കാനെത്തിയ മൂന്നു സ്ത്രീകള്‍ക്ക് പേവിഷബാധ പ്രതിരോധിക്കുന്നതിനുള്ള റാബിസ് വാക്‌സിന്‍ കുത്തിവെച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഷാംലി മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
കുത്തിവയ്പ്പെടുത്ത മൂന്നുപേരും അറുപത് വയസിന് മുകളില്‍ പ്രായമുളളവരാണ്. ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവെന്നും ഒരാളുടെ നില വഷളായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുത്തിവയ്പ്പെടുത്ത മൂന്നുപേരില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. വാക്സിന്‍ സ്വീകരിച്ചതിന്റെ കുറിപ്പ് ഡോക്ടര്‍ പരിശോധിച്ചതോടെയാണ് വാക്‌സിന്‍ മാറി കുത്തിവയ്ച്ചതായി തിരിച്ചറിഞ്ഞത്.
തെറ്റായി വാക്സിന്‍ കുത്തിവയ്പ്പ് നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ കുടുംബങ്ങള്‍ രംഗത്തെത്തി. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കാണ്‍പുര്‍ ഡെഹാത് ജില്ലയില്‍ ഒരു സ്ത്രീക്ക് മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടു ഡോസ് വാക്സിന്‍ കുത്തിവച്ചതും വിവദാമായിരുന്നു.