രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തു

0
94

ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ പല ഭാഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തു. രേഖയിൽ നിന്ന് ഹിന്ദു പരാമർശങ്ങളും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളും നീക്കം ചെയ്തു. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു. രാഹുലിൻ്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണകക്ഷി പ്രതിഷേധം ഉയർത്തിയിരുന്നു.

രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ഭരണഭക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പരാമർശിച്ചിരുന്നു. ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തിൽ ഒരു പരാമർശവും രാഹുൽഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ശക്തമായ വിമർശനങ്ങളാണ് നന്ദി പ്രമേയത്തെ എതിർത്ത് സഭയിൽ വ്യക്തമാക്കിയത്. മതത്തെ മുതലെടുക്കുന്ന ബിജെപി അക്രമികളെ പോലെയാണ് പെരുമാറുന്നത് എന്ന് അടക്കമുള്ള വിമർശനങ്ങളും രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായി. അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും.