രാജ്യസഭാ തെരഞ്ഞെടുപ്പ്‌ പുതിയ നിയമസഭ വന്നശേഷമെന്ന്‌ കമ്മീഷൻ : കേസ്‌ വിധി പറയാൻ മാറ്റി

0
80

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വച്ചത് കേന്ദ്രം ഇടപെട്ടത് മൂലമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമസഭ വന്നതിനു ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മാത്രമേ ജനാഭിലാഷം പ്രതിഫലിക്കു എന്ന് കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചിരുന്നുവെന്നും തുടർന്ന് നിയമോപദേശം തേടി തെരഞ്ഞെടുപ്പ് നീട്ടുകയായിരുന്നുവെന്നും കമ്മീഷൻ കോടതിയിൽ വിശദികരിച്ചു.

കമ്മീഷൻ നിലപാടിനെ കേന്ദ്ര സർക്കാരും കോടതിയിൽ അനുകൂലിച്ചു. എന്നാൽ ഈ നടപടി ഭരണഘടനാവിരുദ്ധമാണന്നും നിലവിലെ നിയമസഭാംഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും കോടതിയെ സമീപിച്ച നിയമസഭാ സെക്രട്ടറിയും എസ്.ശർമ്മ എംഎൽഎയും ബോധിപ്പിച്ചു.

കേസ് ജസ്റ്റിസ് പി വി ആശ വിധി പറയാനായി മാറ്റി. 21 ന് മുൻപ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.വിജ്ഞാപനം വന്നാൽ ഏഴ് ദിവസത്തിനകം നോമിനേഷൻ നൽകണം.

ജൂൺ 1 ന് മാത്രമേ നിലവിലുള്ള സഭയുടെ കാലാവധി കഴിയൂ. കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ അഭിപ്രായത്തിന് വില നൽകേണ്ടതുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതിന് തലേന്നാണ് കേന്ദ്ര നിയമമന്ത്രാലയം ഇടപെട്ടത്.

അതിനാലാണ് വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ നിയമോപദേശം തേടിയതിനു ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജനകീയ അഭിലാഷം നടപ്പാകില്ലെന്ന കാരണത്താലാണ് ഇടപ്പെട്ടതെന്നും പുതിയ നിയമസഭയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ‘അതാണ് ജനാഭിലാഷമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞുവെന്ന് ഹർജിക്കാർ ആരോപിച്ചു. കമ്മീഷൻ ഇത്തരം കളികൾ നടത്തുന്നത് ഉചിതമല്ലെന്നും കമ്മിഷൻ്റെ നിലപാട് നിയമപരമല്ലെന്നും മെയ് 2ന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമസഭാ സെക്രട്ടറിയും എസ് ശർമ്മ എംഎൽഎയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസ് പി വി ആശ പരിഗണിച്ചത്.