യൂറോ കപ്പ് ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി പുതിയ ചരിത്രമെഴുതി ഓസ്ട്രിയ പ്രീക്വാർട്ടറിൽ

0
173

യൂറോ കപ്പ് ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി പുതിയ ചരിത്രമെഴുതി ഓസ്ട്രിയ പ്രീക്വാർട്ടറിൽ. നെതർലൻഡ്സിനെ 3-2ന് തോൽപ്പിച്ചാണ് ഓസ്ട്രിയ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോളണ്ടിനോട് സമനില വഴങ്ങിയ ഫ്രാൻസ് രണ്ടാം സ്ഥാനത്തെത്തി പ്രീക്വാർട്ടറിൽ കടക്കും. നെതർലാൻഡ്സ്-ഓസ്ട്രിയ യുദ്ധം വളരെ ആവേശകരമായിരുന്നു. ഗോളും മറുപടിഗോളുമായി മുന്നേറിയ മത്സരത്തിൽ നെതർലൻഡ്സാണ് ആദ്യം ഗോൾ കണ്ടെത്തിയത്. നെതർലൻഡ്‌സിൻ്റെ ഡോണിയൽ മലാൻ നേടിയ സെൽഫ് ഗോൾ ഓസ്ട്രിയക്ക് ആവേശം പകർന്നു. 59-ാം മിനിറ്റിലും 80-ാം മിനിറ്റിലും ഓസ്ട്രിയ ഡച്ചുകാരുടെ വല കുലുക്കി. മറുവശത്ത് 47, 75 മിനിറ്റുകളിലായിരുന്നു നെതർലൻഡ്‌സിൻ്റെ ഗോളുകൾ.

ആറാം മിനിറ്റിൽ ഡോണിയൽ മലെന്റെ സെൽഫ് ഗോളിൽ ഓസ്ട്രിയ ലീഡ് നേടി. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പിറന്ന സെൽഫ് ഗോളായിരുന്നു ഇത്. ഇടതു വിങ്ങിലൂടെയുള്ള ഓസ്ട്രിയൻ മുന്നേറ്റം തടയാൻ ശ്രമിച്ചത് സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. ഓസ്ട്രിയൻ താരം പ്രാസ്, വിമ്മറിലേക്ക് പാസ് നൽകി. പന്തുമായി ബോക്സിനകത്തെത്തിയ വിമ്മർ, സഹതാരങ്ങളിലേക്ക് പന്ത് കൈമാറുന്നതിനിടെ പുറത്തേക്കടിച്ച് ഒഴിവാക്കാനായി ഓടിയെത്തിയ മലെന് പിഴച്ചു. കീപ്പറെ നോക്കുകുത്തിയാക്കിയാണ് പന്ത് ഗോൾ വര കടന്നത്.

രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ ഡച്ചുകാരുടെ മറുപടിയെത്തി. 47-ാം മിനിറ്റിൽ കോഡി ഗാക്പോയാണ് ഡച്ച് പടയെ മുന്നിലെത്തിച്ചത്. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഗാക്പോയുടെ ഗോൾ. ഇടതുവിങ്ങിൽനിന്ന് വലംകാലുകൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്ക് ബോളിനെ വിട്ടതോടെ മത്സരം സമനിലയിൽ. 59ാം മിനിറ്റിൽ ഓസ്ട്രിയയുടെ മറുപടി. റൊമാനോ ഷ്മിഡ് മികച്ച ഒരു ഹെഡറിലൂടെ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു.

75ാം മിനിറ്റിൽ നെതർലൻഡ്സ് വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. മെംഫിസ് ഡിപെയായിരുന്നു ഇത്തവണത്തെ നെതർലൻഡ്സിന്റെ സ്‌കോറർ. കൈയിലാണോ തട്ടിയതെന്ന വാർ പരിശോധന നടത്തിയ ശേഷമാണ് ഗോൾ അനുവദിച്ചത്. ബോക്സിനകത്തേക്ക് വെഗോസ്റ്റ് ഉയർത്തി നൽകിയ പന്ത് ഡിപെയിലെത്തുകയും ഡിപെ അത് പോസ്റ്റിലേക്ക് തട്ടിയിടുകയുമായിരുന്നു. എന്നാൽ സമനില തുടരാൻ ഓസ്ട്രിയ അനുവദിച്ചില്ല. അഞ്ചു മിനിറ്റിനകം ഓസ്ട്രീയ വീണ്ടും തിരിച്ചടിച്ചു. 80-ാം മിനിറ്റിൽ മാഴ്സൽ സബിറ്റ്സർ ഓസ്ട്രേയിയെ ഒരിക്കൽക്കൂടി മുന്നിലെത്തിച്ചു. ഡച്ച് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ബോംഗാർട്ട്നർ ബോക്സിനകത്തേക്ക് നൽകിയ പാസ് സബിറ്റ്സർ ഗോളാക്കി മാറ്റുകയായിരുന്നു. ഇതോടെ ഗ്രൂപ്പിൽ ഓസ്ട്രിയ ഒന്നാംസ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.

23-ാം മിനിറ്റിൽ നെതർലൻഡ്സിനുവേണ്ടി ഗോൾ നേടാനുള്ള ഒരവസരം മലെൻ കളഞ്ഞുകുളിക്കുകയും ചെയ്തു. യൂറോയിൽ നെതർലൻഡ്സിന്റെ ഭാഗത്തുനിന്നുള്ളതും ഓസ്ട്രിയക്ക് ലഭിക്കുന്നതുമായ ആദ്യ സെൽഫ് ഗോളാണിത്. ഇതോടെ ഈ യൂറോ കപ്പിൽ 21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ സെൽഫ് ഗോളുകളുടെ എണ്ണം ഏഴായി. 2020 യൂറോ കപ്പിൽ ആകെ പിറന്നത് 11 സെൽഫ് ഗോളുകളാണ്.