സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് ; തൃപ്പൂണിത്തുറയില്‍ പോര് ഒഴിയുന്നില്ല

0
103

തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രതിസന്ധി ഒഴിയുന്നില്ല. ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച കെപിസിസി അംഗം എ ബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

തുടക്കത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തി രംഗത്തെത്തിയ സാബു തെരഞ്ഞെടുപ്പിന്റെ തലേ ദിവസം നടത്തിയ പ്രസ്താവന ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തല്‍. തുടര്‍ന്ന് സാബുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഏകകണ്‌ഠേന പ്രമേയം പാസാക്കി.

യുഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നുവെന്നാണ് എ ബി സാബു ആരോപിച്ചത്. ബാര്‍ കോഴ കേസില്‍ ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മറിച്ചുള്ള അവകാശവാദങ്ങളെല്ലാം തെറ്റാണെന്നും സാബു പറഞ്ഞിരുന്നു.

മണ്ഡലത്തില്‍ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഗുണം ബിജെപിക്കാണെന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.