70 ഓളം ഇന്ത്യക്കാർ ഉൾപ്പടെ ഹജ്ജ് യാത്രയ്ക്കിടെ കൊടും ചൂടിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി റിപ്പോർട്ട്

0
177

സൗദിയിൽ ഈ വർഷത്തെ ഹജ്ജ് യാത്രയ്ക്കിടെ കൊടും ചൂടിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായാണ് റിപ്പോർട്ട്. 70 ഓളം ഇന്ത്യക്കാർ തീർത്ഥാടനത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്.

സൗദിയിൽ അനുഭവപ്പെടുന്ന കൊടും ചൂടാണ് ഭൂരിഭാഗം ആളുകളെയും മരണത്തിലേക്ക് നയിച്ചത് എന്നും പറയുന്നു. ഇതോടെ തീർത്ഥാടനത്തിനിടെ കാണാതായവരെ പലയിടങ്ങളിലും തിരഞ്ഞു നടക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ബന്ധുക്കൾ സൗദിയിലെ വിവിധ ആശുപത്രികളിലും തെരച്ചില്‍ നടത്തുന്നുണ്ട്

ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്ക നഗരത്തില്‍ തിങ്കളാഴ്ച താപനില 51.8 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 18 ലക്ഷം ആളുകളാണ് ഈ വർഷം ഹജ്ജിനെത്തിയത്. ഇതിൽ പ്രായമേറിയ നിരവധി തീർത്ഥാടകരും ദിവസങ്ങളോളം നീണ്ട ഹജ്ജ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. കനത്ത ചൂട് സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ഈജിപ്തിൽ നിന്നുള്ള 600 ഓളം ഹജ്ജ് തീര്‍ത്ഥാടകർ മരിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു അറബ് നയതന്ത്രജ്ഞൻ പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ നിന്നായി 922 ഹാജിമാർ ഇതുവരെ മരിച്ചതായും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. കാണാതായ തീർത്ഥാടകരുടെ എണ്ണം 1400 ആയി ഉയർന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിരവധി പേർ കാണാതായവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവരങ്ങൾ തേടുന്നുണ്ട്.

ചില തീര്‍ത്ഥാടകര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സാധുവായ ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ അവര്‍ക്ക് എയര്‍കണ്ടീഷന്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു. ടുണീഷ്യയിൽനിന്ന് ഹജ്ജിന് വന്ന തന്റെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് മുഹമ്മദ് എന്നയാളും മാധ്യമങ്ങൾക്ക് മുന്നിലെത്തി. 70 കാരി മബ്രൂക്ക ബിൻത് സലേം ഷുഷാനയെ ശനിയാഴ്ച മുതലാണ് കാണാതായത്. സൗദിയിലെ കനത്ത ചൂടിനെ തുടർന്ന് ഭാര്യ വളരെ അവശയായിരുന്നുവെന്നും ഇതുവരെ എല്ലാ ആശുപത്രികളിലും മാറിമാറി തിരഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.

അതേസമയം സൗദി അറേബ്യയിലെ താപനില ഓരോ പത്തുവർഷത്തിലും 0.4 ഡിഗ്രി സെല്‍ഷ്യസ് വീതം വര്‍ദ്ധിക്കുന്നതായി അധികൃതര്‍ പറയുന്നു. ഈജിപ്തിന് പുറമേ, ജോർദാൻ, ഇന്തോനേഷ്യ, ഇറാൻ, സെനഗൽ, ടുണീഷ്യ, ഇറാഖിൻ്റെ സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇവരുടെ യഥാർത്ഥ മരണകാരണം ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ കാണാതായ 20 തീർഥാടകർക്കായി ജോർദാനിയൻ ഉദ്യോഗസ്ഥർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആദ്യം കാണാതായെന്ന് റിപ്പോർട്ട് ചെയ്ത 80 പേരെ വിവിധ ആശുപത്രികളിലായി കണ്ടെത്തിയിരുന്നു. ഹജ്ജ് തീർത്ഥാടനത്തിനിടെ കുറഞ്ഞത് 68 ഇന്ത്യൻ പൗരന്മാരെങ്കിലും മരിച്ചതായി ഒരു ഏഷ്യൻ നയതന്ത്രജ്ഞൻ സ്ഥിരീകരിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ” ചിലത് സ്വാഭാവിക കാരണങ്ങളാലാണ്, ഞങ്ങള്‍ക്ക് ധാരാളം പ്രായമായ തീർത്ഥാടകരും ഉണ്ടായിരുന്നു. ഇതിൽ ചില മരണങ്ങൾ സംഭവിച്ചത് കാലാവസ്ഥാ വ്യതിയാനം മൂലമാണ്” അദ്ദേഹം പറഞ്ഞു.

ചൂട് താങ്ങാനാകാതെ ശാരീരിക വിഷമതകള്‍ നേരിട്ടതിനെ തുടർന്ന് ഞായറാഴ്ച മാത്രം, 2, 700 ലധികം പേർ ആശുപത്രികളില്‍ ചികിത്സ തേടിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും സൗദി അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ഹജ്ജ് തീർത്ഥാടനത്തിനിടെ 200-ലധികം പേര്‍ മരിച്ചതായാണ് റിപ്പോർട്ട്‌. ഇതിൽ ഭൂരിഭാഗവും ഇന്ത്യനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു.