കുവൈറ്റിലെ അപകടത്തില്‍ മരപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അനുശോചനം രേഖപ്പെടുത്തി. കുവൈറ്റിലെ മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തിൽ നിരവധിപേർക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണ്. മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി മുഖ്യമന്ത്രി അനുശോചന പ്രസംഗത്തില്‍ പറഞ്ഞു.
24 മലയാളികൾ ഉൾപ്പെടെ 49 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ 46 പേരും ഇന്ത്യാക്കാരായിരുന്നു. നിരവധി സ്വപ്നങ്ങളുമായാണ് നമ്മുടെ സഹോദരങ്ങൾ പ്രവാസം തിരഞ്ഞെടുത്തത്. ആ സ്വപ്നങ്ങളെല്ലാം പൂർത്തിയാക്കാൻ കഴിയാതെ, പകുതിവഴിയിൽ ദുരന്തത്തിനു മുന്നിൽ നമ്മുടെ സഹോദരങ്ങൾക്ക് കീഴടങ്ങേണ്ടി വന്നു എന്നത് ഏറെ പ്രയാസമുണ്ടാക്കുന്നു.
നമ്മുടെ നാടിൻറെയാകെ പുരോഗതിക്കും മുന്നേറ്റത്തിനും വലിയ സംഭാവനകൾ നൽകുന്നവരാണ് പ്രവാസികൾ. ആധുനിക കേരളത്തിൻറെ ചരിത്രത്തിനു പ്രവാസികളിൽ നിന്ന് വേറിട്ട ഒരു നിലനിൽപ്പില്ല. എന്നാൽ, പ്രവാസജീവിതം ഇന്ന് നിരവധി പ്രതിസന്ധികൾ നേരിടുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും, യുദ്ധാന്തരീക്ഷവും, മാറിവരുന്ന കുടിയേറ്റ നിയമങ്ങളും പ്രവാസജീവിതത്തെ കഠിനമാക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെക്കൂടി അതിജീവിച്ചാണ് തങ്ങളുടെ കുടുംബത്തിൻറെയും നാടിൻറെയും ഭാവി ശോഭനമാക്കാൻ നമ്മുടെ പ്രവാസി സഹോദരങ്ങൾ കഠിന പ്രയത്നം ചെയ്തുവരുന്നത്. അക്കൂട്ടത്തിലുള്ളവരാണ് അഗ്നിബാധമൂലമുണ്ടായ ദുരന്തത്തിൽ നമ്മെ വിട്ടുപിരിഞ്ഞത്.
അഗ്നിബാധയെക്കുറിച്ച് അറിഞ്ഞയുടൻ കേരള സർക്കാർ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേർത്ത് ആരോഗ്യമന്ത്രിയെ സംഭവ സ്ഥലത്തേക്ക് അയക്കാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര വിദേശമന്ത്രാലയത്തിൻറെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭ്യമായില്ല. പ്രതിപക്ഷ നേതാവിൻറേത് ഉൾപ്പെടെ കേരളത്തിൻറെ പ്രതിഷേധം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി ഏകോപിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഫലപ്രദമായി കൈകോർത്തു.
മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സഹായഹസ്തവുമായി എത്തിയ വ്യവസായികളെയും വ്യക്തികളെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.
നികത്താനാകാത്ത ഈ നഷ്ടത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാടിനാകെയും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുകയാണ്. കുടുംബാംഗങ്ങളെ അഗാധമായ ദുഃഖമറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.