മലേഷ്യൻ മാസ്റ്റേഴ്സ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ പിവി സിന്ധു

0
182

മലേഷ്യൻ മാസ്റ്റേഴ്സ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ പിവി സിന്ധു. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തായ്‌ലൻഡ് താരം ബുസാനൻ ഒങ്ബാംറൂങ്ഫാനെ പരാജയപ്പെടുത്തിയാണ് ഫൈനൽ ഉറപ്പിച്ചത്. ആദ്യ സെറ്റിൽ പരാജയപ്പെട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ ആത്മവിശ്വാസത്തോടെ താരം തിരിച്ചടിച്ചു. വാശിയേറിയ പോരാട്ടം 88 മിനിറ്റ് നീണ്ടുനിന്നു. ഒന്നര മണിക്കൂറോളം നീണ്ട ഇന്നത്തെ മത്സരത്തിൽ സിന്ധു തീർത്തും ഊര്‍ജ്ജസ്വലയായിരുന്നു.

സിന്ധുവിനെ കോര്‍ട്ടിലുടനീളം ചലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു തായ്‌ലന്‍ഡ് താരത്തിന്റെ അധിക നീക്കങ്ങളും. ആദ്യ സെറ്റിന് ശേഷം ഫോമിലേക്ക് തിരികെയെത്തിയ സിന്ധുവാകട്ടെ ബുസാനിനെ വേഗമേറിയ സ്‌ട്രോക്കുകള്‍ക്ക് നിരന്തരം നിര്‍ബന്ധിച്ചു. രണ്ടാം സീഡും ലോക ഏഴാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യി ആണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സ്‌പെയിന്‍ മാസ്റ്റേഴ്‌സിന് ശേഷം ആദ്യമായാണ് സിന്ധു മറ്റൊരു ലോക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. പാരിസ് ഒളിംപിക്‌സിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ തന്നെ സിന്ധുവിന്റെ മുന്നേറ്റം ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. കഴിഞ്ഞ ദിവസം ടോപ് സീഡ് ചൈനയുടെ ഹാന്‍ യുവിനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. വനിത ബാഡ്മിന്റണില്‍ കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ താരമെന്നറെക്കോര്‍ഡ് ഇന്നലെ സിന്ധു സ്വന്തമാക്കിയിരുന്നു. സൈന നെഹ്വാളിന്റെ 451 വിജയം എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്.