റഫയിൽ സൈനിക പ്രവർത്തനങ്ങൾ നിർത്താൻ ഉത്തരവിട്ട് ICJ; തൊട്ടുപിന്നാലെ ആക്രമണവുമായി ഇസ്രായേൽ

0
193

റഫയിലെ സൈനിക പ്രവർത്തനങ്ങൾ നിർത്താൻ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) ഇസ്രായേലിനോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ, ഇസ്രായേൽ യുദ്ധവിമാനങ്ങൾ റാഫ നഗരത്തിലെ ഷബുറ അഭയാർത്ഥി ക്യാമ്പിൽ തുടർച്ചയായി വ്യോമാക്രമണം നടത്തി. ആക്രമണത്തിൻ്റെ ശബ്ദം ഭയാനകമായിരുന്നുവെന്ന് അടുത്തുള്ള കുവൈറ്റ് ആശുപത്രിയിലെ ഒരു സന്നദ്ധപ്രവർത്തകൻ പറഞ്ഞു, ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൻ്റെ തീവ്രത കാരണം ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് ക്യാമ്പിലെത്താൻ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച, റഫയിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണം അവസാനിപ്പിക്കാൻ ICJ ഉത്തരവിട്ടു.

റാഫ ന​ഗരത്തിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന ഐ.സി.ജെ തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായി ഹമാസ് വക്താവ് പറഞ്ഞു. എന്നാൽ, റാഫയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള സ്വയം പ്രതിരോധ പോരാട്ടമാണ് ഇസ്രയേൽ നടത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് ഐ.സി.ജെയുടെ നടപടിയെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

റാഫയിലെ ഇസ്രയേലിന്റെ ആക്രമണം വംശഹത്യയാണെന്നും പലസ്തീൻ ജനതയുടെ നിലനിൽപ്പിന് ഭീഷണി ആണെന്നും ചൂണ്ടികാട്ടി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും റാഫയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്നുമുള്ള ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തെത്തുടർന്ന് വ്യാഴാഴ്ചയാണ് യു.എൻ. കോടതിയിൽ വാദം ആരംഭിച്ചത്.

തങ്ങൾ വംശഹത്യനടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തീർത്തും വസ്തുതാവിരുദ്ധമാണെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ഇസ്രയേൽ വാദം. “റാഫ ജനനിബിഡമാണെന്ന ബോധ്യം ഇസ്രയേലിനുണ്ട്. പക്ഷേ, അവരെ മനുഷ്യകവചമാക്കി പ്രവർത്തിക്കാനുള്ള ഹമാസിന്റെ ശ്രമത്തെക്കുറിച്ച് അതിലേറെ ബോധ്യമുണ്ട്. ഗാസയിൽ രൂക്ഷമായ യുദ്ധം നടക്കുന്നുണ്ട്. പക്ഷേ, അത് വംശഹത്യയല്ല, ഇസ്രയേലിനുവേണ്ടി വാദിച്ച അഭിഭാഷകൻ ഗിലാദ് നോയെം പറഞ്ഞു.