തീവ്ര ഇസ്രായേലി കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ

0
171

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ അക്രമം അഴിച്ചുവിട്ട തീവ്ര ഇസ്രായേലി കുടിയേറ്റക്കാരെ കാനഡ ഉപരോധിച്ചു. പ്രത്യേകം തയ്യാറാക്കിയ സാമ്പത്തിക ചട്ടങ്ങൾ പ്രകാരമാണ് ഉപരോധം ഏർപ്പെടുത്തിയത്. ഡേവിഡ് ചായ് ചസ്ദായ്, യിനോൻ ലെവി, സ്വി ബാർ യോസെഫ്, മോഷെ ഷർവിത്ത് എന്നീ നാല് വ്യക്തികൾക്കെതിരെയാണ് കനേഡിയൻ സർക്കാർ ഉപരോധം ഏർപ്പെടുത്തിയത്.

കുടിയേറ്റക്കാരുടെ ആക്രമണത്തിന്റെ തോത് വര്‍ധിച്ചുവെന്നും ഇവര്‍ വളരെ അക്രമാസക്തരാകുന്നുവെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനടപടിയെന്നും മെലാനി ചൂണ്ടിക്കാട്ടി. ഫലസ്തീനികളുടെ അവകാശങ്ങള്‍, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകള്‍, പ്രാദേശിക സുരക്ഷ എന്നിവയെ ഇസ്രാഈലി കുടിയേറ്റക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘തീവ്ര കുടിയേറ്റക്കാരുടെ ആക്രമണ നടപടികള്‍ അംഗീകരിക്കാനാവില്ല. ഇത്തരത്തില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശം നല്‍കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്,’ മെലാനി ജോളി വ്യക്തമാക്കി.

നിലവില്‍ ഉപരോധിക്കപ്പെട്ട നാല് ഇസ്രഈലി കുടിയേറ്റക്കാരുമായുള്ള മുഴുവന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതിനുപുറമെ ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജി പ്രൊട്ടക്ഷന്‍ നിയമപ്രകാരം ഇവര്‍ക്ക് കാനഡയിലേക്ക് പ്രവേശന വിലക്കുമുണ്ട്.

പശ്ചിമേഷ്യയിലെ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് ഉപരോധത്തെ സംബന്ധിക്കുന്ന പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജെറുസലേമിലും വര്‍ധിച്ചുവരുന്ന അനധികൃത കുടിയേറ്റങ്ങളെ എതിര്‍ക്കുന്നതായും അധികൃതര്‍ പറഞ്ഞു.

കുടിയേറ്റക്കാരെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തെ കനേഡിയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ഇന്‍ മിഡില്‍ ഈസ്റ്റ് (സി.ജെ.പി.എം.ഇ) അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വളരെയധികം വൈകി വന്ന തീരുമാനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച ഇസ്രഈല്‍ പൗരന്മാര്‍ക്കെതിരെ യു.കെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കയും സമാന നടപടി സ്വീകരിച്ചിരുന്നു.