ഭർത്താവ് കിടപ്പുമുറിയിലിരിക്കെ ഭാര്യയ്‌ക്കൊപ്പം കയറിക്കിടന്ന കാമുകനെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

0
145

ഭർത്താവ് കിടപ്പുമുറിയിലിരിക്കെ ഭാര്യയ്‌ക്കൊപ്പം കയറിക്കിടന്ന കാമുകനെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒരു മണിയോടെ താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ അമരത്താണ് സംഭവം.

കുറച്ച് ദിവസം മുൻപ് കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് രണ്ടു വയസ്സായ കുഞ്ഞുമായി യുവതി വീട്ടിൽനിന്നു പോയിരുന്നു. അവർ ലുഹൈബിന്റെ വീട്ടിലായിരുന്നെന്നാണ് വിവരം. ഇതിനെ തുടർന്ന് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ഫാഹിസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ രാത്രി 11 മണിയോടെ ലുഹൈബിന്റെ ബന്ധുക്കൾ യുവതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഫാഹിസും ബന്ധുക്കളുമായി പൊലീസ് നടത്തിയ ചർച്ചയ്ക്കു ശേഷം പന്ത്രണ്ടരയോടെ യുവതി ഫാഹിസിനൊപ്പം വീട്ടിലേക്കു പോയി. യുവതിയുടെ അമ്മവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെക്കായിരുന്നു ലുഹൈബ് എത്തിയത്. കിടപ്പുമുറിയിലിരുന്നു സംസാരിക്കുകയായിരുന്ന ഫാഹിസിന്റെയും യുവതിയുടെയും അടുത്തെത്തുകയും യുവതിക്കൊപ്പം കട്ടിലിലേക്കു കിടക്കുകയുമായിരുന്നു.

ഇതു കണ്ട ഫാഹിസ് ടേബിൾ ഫാൻ കൊണ്ട് ലുഹൈബിനെ മർദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് ലുഹൈബിനെ വെട്ടുകയും ചെയ്തു. പരിക്കേറ്റ ലുഹൈബ് വീട്ടിൽനിന്ന് ഇറങ്ങിയോടി. ഇതിനു പുറകെ യുവതിയും വീടുവിട്ടിറങ്ങി. ലുഹൈബ് കട്ടിപ്പാറ അങ്ങാടിയില്‍ എത്തിയപ്പോൾ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയും ലുഹൈബിനൊപ്പമുണ്ട്.