കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

0
66

ഏറെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ജനവിധി തേടുന്നത് 957 സ്ഥാനാര്‍ത്ഥികള്‍ ആണ്. രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ് പോളിംഗ് ബൂത്തുകളിലെത്തുക. 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കൊവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റും എല്ലാ ബൂത്തുകളിലും നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി മൂന്നു ക്യൂ ഓരോ ബൂത്തിലുമുണ്ടാകും. സമ്മതിദായകര്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ബൂത്ത് തല ഓഫിസര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഉറപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി പോളിംഗ് ഓഫിസര്‍മാര്‍ക്കു പുറമേ എല്ലാ ബൂത്തുകളിലും ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.

ചൊവ്വാഴ്‌ച രാവിലെ ഏഴു മുതൽ രാത്രി‌ ഏഴുവരെയാണ്‌ വോട്ടെടുപ്പ്. മാവോയിസ്‌റ്റ്‌ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളിൽ വൈകിട്ട് ആറിന് അവസാനിക്കും. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലായി ഇത്തരത്തിൽ 298 ബൂത്താണ്‌ തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തിയത്.

ആകെയുള്ള 40,771 ബൂത്തിലായി 2,74,46,039 വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തും. വോട്ടർമാരിൽ 1,32,83,724 പുരുഷന്മാരും 1,41,62,025 സ്ത്രീകളും 290 ട്രാൻസ്‌ജെൻഡർമാരുമുണ്ട്‌. 140 മണ്ഡലത്തിലായി 957 സ്ഥാനാർഥികളും ജനവിധി തേടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആയിരം വോട്ടർമാരിൽ കൂടുതലുള്ള പോളിങ്‌ സ്‌റ്റേഷനുകളിലെല്ലാം അനുബന്ധ ബൂത്തുകളുണ്ടാകും‌.