പിണറായി വിജയനെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി; മറുപടിയുമായി എം വി ഗോവിന്ദൻ മാസ്റ്റർ

0
696

മുഖ്യമന്ത്രി പിണറായി വിജയനെ വർഗീയവാദിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിളിച്ച് അധിക്ഷേപിച്ചത് രേവന്ത് റെഡ്ഢിയുടെ വിവരമില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയിൽ ചേരാൻ കാത്തിരിക്കുന്ന രേവന്ത് റെഡ്ഡി പിണറായി വിജയനെ വർഗീയവാദിയെന്ന് വിളിച്ചെന്ന് ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. തെലങ്കാനയിൽ ക്രൈസ്തവർ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തെ തകർക്കലാണ് നരേന്ദ്ര മോദിയുടെ പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ ഏറ്റവും പ്രധാന ശത്രുക്കൾ ജീവിക്കുന്ന സ്ഥലമാണ് കേരളം. ആ കേരളത്തെ തകർക്കലാണ് നരേന്ദ്രമോദിയുടെ പുതിയ പദ്ധതി. അതിനാണ് ഇടയ്ക്കിടെ പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ത്രിപുരയ്ക്ക് ശേഷം കേരളം ആണെന്നാണ് മോദി പ്രഖ്യാപിച്ചത്. മതനിരപേക്ഷത ഉയർന്നു നിൽക്കുന്ന നാടാണ് കേരളം. പൂർണ്ണമായും ആയുധവകത്ക്കരിക്കപ്പെട്ട ഭരണകൂടമാണ് രാജ്യത്തുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും മോദി സർക്കാർ കൈപ്പിടിയിൽ ഒതുക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ആർഎസ്എസ് നിയന്ത്രണത്തിലാക്കി. ബിജെപിയെ പരാജയപ്പെടുത്തലാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോൺഗ്രസിന്റെ പ്രകടനപത്രികയിൽ സിഎഎ റദ്ദ് ചെയ്യുമെന്ന് പറയുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് പറയുന്നില്ല. മൃദു ഹിന്ദുത്വമാണ് കോൺഗ്രസ് അജണ്ട. ഇന്ത്യ മുന്നണിയുടെ ദൗർബല്യം കോൺഗ്രസാണ്. പ്രാദേശിക കക്ഷികളാണ് ബിജെപിക്കെതിരായി പോരാടുന്നത്. നാട് ആർഎസ്എസിനെതിരായി പോരാടുമ്പോഴാണ് ഇടതുപക്ഷത്തിനെതിരെ പോരാടാൻ കെ സി വേണുഗോപാൽ കേരളത്തിൽ എത്തിയത്. ബിജെപിക്ക് നേതാക്കളെ എത്തിച്ചു നൽകുന്ന നേതാക്കളാണ് രാഹുൽ ഗാന്ധിയും, കെസി വേണുഗോപാലുമെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിലെ ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ എപ്പോൾ ബിജെപിയിൽ ചേരുമെന്ന് കണ്ടറിയാം. കേരളത്തിൽ 20 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകും. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ബിജെപിയുടെ കേന്ദ്രത്തിലല്ലേ മത്സരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കേരളത്തിലെ മുഴുവൻ യുഡിഎഫുകാരും ചേർന്ന് നിന്ന് സൈബർ അക്രമം നടത്തിയാലും ആദ്യം ജയിക്കുന്നത് ശൈലജ ടീച്ചറാകുമെന്നും ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.