അരുണാചലിൽ മലയാളികളുടെ ആത്മഹത്യ; ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നതായി പോലീസ്

0
105

അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിന് പിന്നിൽ കൂട്ടാളികളില്ല. വിചിത്രമായ മാനസികാവസ്ഥയിലാണ് മൂവരും മരണം തിരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു. ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നതായും പോലീസ് നിഗമനം.

മൂവരുടെയും ഇ-മെയിൽ ഐഡികളിലെയും മൊബൈൽ ഫോണിലെയും ആശയവിനിമയങ്ങൾ കണ്ടെത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. നവീൻ ഇത്തരം ചിന്തകളിൽ വിശ്വസിച്ചിരുന്നു. ലോകവസാനത്തെക്കുറിച്ച് ഇയാൾ എപ്പോഴും വാദിച്ചിരുന്നു. പ്രളയ സമയത്തും കോവിഡ് സമയത്തും താൻ പറഞ്ഞതിലേക്ക് ലോകം എത്തുന്നുവെന്ന് വാദിക്കാനും നവീൻ ശ്രമിച്ചിരുന്നതായി സുഹ്യത്തുക്കൾ പോലീസിനോട് പറഞ്ഞു.

മെഡിറ്റേഷന് പോകാൻ ആര്യയെയും ദേവിയെയും നിർബന്ധിച്ചതും നവീനാണ്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് ധാരാളമായി യാത്ര ചെയ്തു. എന്നാൽ ഇതിലൊന്നും വീട്ടുകാർ ദുരൂഹത സംശയിച്ചിരുന്നില്ല. ഇതൊന്നും മറ്റാരും അറിയാതിരിക്കാനായി ഡയറി താളുകളും മൊബൈലിലെ മെസേജുകളും നവീൻ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്തപ്പോഴാണ് നവീന്റെ ചിന്തകളുടെ ചുരുളഴിക്കാൻ പോലീസിനായത്.

അതേസമയം ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമാണെന്നും പോലീസ് പറയുന്നു. ഇവരോട് ആശയ വിനിമയം നടത്തിയ ഡോൺ ബോസ്‌കോ എന്ന ഇമെയിൽ വിലാസം ആര്യയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഇതിലേക്കയച്ച മെസേജുകളും ആര്യ തന്നെയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.