സംസ്ഥാനത്ത് സ്വർണ വില വീണ്ടും 80 രൂപ കൂടി; ഏപ്രിലിൽ ഇതുവരെ പവന് കൂടിയത് 2080 രൂപ

0
117

സംസ്ഥാനത്ത് സ്വർണ വില വീണ്ടും 80 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏപ്രിലിൽ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വർധനയാണ് ഉണ്ടായത്.

മാർച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുകയാണ്.

വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമെന്ന അനിശ്ചിതത്വവും ലോകമെമ്പാടും സ്വർണത്തോടുള്ള താൽപര്യവും വിലവർധനക്ക് ഇടയാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കേന്ദ്ര ബാങ്കുകൾ അടക്കം വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന തുടരാൻ കാരണമാകുന്നു.