കോവിഡിനെ അകറ്റിനിർത്തി വോട്ട് ചെയ്യാം ; ബൂത്തിലേക്കു തിരിക്കുംമുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

0
168

കോവിഡുകാലത്തെ രണ്ടാം തിരഞ്ഞെടുപ്പിന് കേരളം ചൊവ്വാഴ്ച ബൂത്തിലെത്തുകയാണ്. കോവിഡാണ്, സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലിച്ച ചട്ടങ്ങളൊക്കെ ഇത്തവണയും ബൂത്തിനു പുറത്തും അകത്തുമുണ്ട്. മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ബൂത്തിന്റെ കവാടത്തിൽ ഒരു ജീവനക്കാരൻ അധികമായുണ്ടാകും, ഫെസിലിറ്റേറ്റർ എന്ന പേരിൽ.

ജോലി-തെർമൽ സ്കാനർ ഉപയോഗിച്ച് വോട്ടറുടെ ശരീരോഷ്മാവ് നോക്കുക, സാനിറ്റൈസർ നൽകുക തുടങ്ങിയവ. കൂടാതെ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നോ എന്നുറപ്പാക്കാൻ ഓരോ കേന്ദ്രത്തിലും ഒരാളും ഇത്തവണയുണ്ട്. ഒരു ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം ആയിരമാണ്.

വോട്ടിങ് സമയം നക്‌സൽബാധിത പ്രദേശങ്ങളിൽ രാവിലെ ഏഴുമുതൽ ആറുവരെ. മറ്റിടങ്ങളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ. ബൂത്തിന്റെ കവാടത്തിൽ പോലീസും പ്രശ്നബാധിത സ്ഥലങ്ങളിൽ കേന്ദ്രസേനയും കാവലിനുണ്ടാകും.

ബൂത്തിലേക്ക്‌ തിരിക്കുമ്പോൾ

മാസ്കും തിരിച്ചറിയൽ കാർഡും മറക്കരുത്. മാസ്ക് താടിക്കുതാഴേ തൂക്കിയിടാതെ നേരെ ധരിക്കണം. സാനിറ്റൈസർ കരുതുന്നതും നല്ലതാണ്. ആളുകൂടുന്ന ഇടമായതിനാൽ എല്ലാ മുൻകരുതലുമെടുക്കണം. വോട്ടർ സ്ലിപ്പ് കരുതുന്നത് വോട്ടുചെയ്യൽ വേഗത്തിലാക്കും.

ബൂത്തിലെത്തിയാൽ

കവാടത്തിൽ തെർമൽ സ്കാനറിൽ പരിശോധനയുണ്ടാകും. ഇവിടെ ചൂടിന്റെ അളവ് നോക്കും. ശരീരോഷ്മാവ് നിശ്ചിത അളവിൽ കൂടുതലാണെന്നു കണ്ടാൽ രണ്ടുപ്രാവശ്യം പരിശോധന. കൂടിയ അളവു തുടർന്നും കണ്ടാൽ ടോക്കൺ നൽകി തിരിച്ചയയ്ക്കും. പോളിങ്ങിന്റെ അവസാന മണിക്കൂറിൽ ഇവർക്ക് കോവിഡ് ചട്ടങ്ങൾ പാലിച്ച് വോട്ടുചെയ്യാം.

ഹെൽപ്പ് ഡെസ്‌ക് ഒരുക്കി ക്യൂ ഒഴിവാക്കും. പോളിങ് ഏജന്റിന് അളവിൽക്കൂടുതൽ ശരീരോഷ്മാവ് ഉണ്ടെങ്കിൽ തിരിച്ചയയ്ക്കും. പകരം ആളെ അനുവദിക്കും. സമ്മതിദായകർ ഒഴികെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസില്ലാതെ ആരെയും ബൂത്തിൽ കയറ്റില്ല.

ചൂടുപരിശോധനയിൽ കുഴപ്പമില്ലാത്തവർക്ക് നേരെ ബൂത്തിനുള്ളിലേക്ക്‌ കടക്കുന്നവരുടെ നിരയിലെത്താം. അകത്ത് ഉദ്യോഗസ്ഥർ കാത്തിരിപ്പുണ്ടാകും. തിരിച്ചറിയൽ രേഖകൾ കാണിക്കണം. തുടർന്ന്‌ പോളിങ് രജിസ്റ്ററിർ ഒപ്പിട്ട് ബാലറ്റുവാങ്ങി വോട്ടുചെയ്ത് മടങ്ങാം. ഒപ്പിടാനും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ വിരൽ അമർത്താനും കൈയുറ നൽകാൻ നിർദേശമുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്താകുമിത് നടപ്പാക്കുക.

വോട്ടർമാർ തമ്മിൽ രണ്ടുമീറ്റർ സാമൂഹിക അകലം പാലിക്കണം. നിൽക്കാൻ സ്ഥലം അടയാളപ്പെടുത്തും. ഇത് നിരീക്ഷിക്കാൻ ബൂത്തുതല ഓഫീസർമാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ഉണ്ടാകും. ബൂത്തിനുപുറത്ത് തണലുള്ള ഇരിപ്പിടങ്ങളോടെ കാത്തിരിപ്പ് ‌കേന്ദ്രങ്ങളുണ്ട്.

15 മുതൽ 20 വരെ ആളുകൾക്ക് ഒരേസമയം നിൽക്കാൻ ക്രമീകരണം. സ്ത്രീകൾ, പുരുഷന്മാർ, ഭിന്നശേഷിക്കാർ/ മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക നിരയുണ്ടാകും. പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും ഉണ്ടാകും. ബൂത്തിൽ കോവിഡ് പോസ്റ്ററുകൾ പ്രദർശിപ്പിക്കും.

കോവിഡ് ബാധിതർക്ക്

വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലാണ് ഇവർക്ക് വോട്ടുചെയ്യാൻ അവസരം. കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും രോഗം സംശയിക്കുന്നവരും പി.പി.ഇ. കിറ്റ്, കൈയുറ, എൻ. 95 മാസ്ക് എന്നിവ ധരിച്ചേ വരാവൂ. ഇവരെത്തുമ്പോൾ ഉദ്യോഗസ്ഥരും പി.പി.ഇ. കിറ്റ് ധരിക്കണം.

നാലുമണിക്കൂർ ഇടവിട്ട് മാറ്റി ഉപയോഗിക്കുന്നതിന് മൂന്നു പി.പി.ഇ. കിറ്റ് ഉദ്യോഗസ്ഥർക്കും നൽകും. ഓരോ ബൂത്തിലും 200 മില്ലീലിറ്റർവീതം ഹാൻഡ് വാഷും 500 മില്ലീലിറ്റർ സാനിറ്റൈസറും ഉൾപ്പെടുത്തിയ കിറ്റ് നൽകും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന 2000 ഗ്ലൗസ് ബൂത്തിലുണ്ടാകും.

മാസ്ക് ഇല്ലാത്ത വോട്ടർമാർക്ക് അത്യാവശ്യഘട്ടത്തിൽ നൽകാൻ നിർദേശമുണ്ട്. 200 എണ്ണം സൂക്ഷിച്ച മാസ്ക് കോർണർ ഓരോ ബൂത്തിലും ഒരുക്കാനും നിർദേശമുണ്ട്. മാസ്കും ഗ്ലൗസും ഫെയ്‌സ്‌ ഷീൽഡും സാനിറ്റൈസറുമൊക്കെയുള്ള കിറ്റ് പോളിങ് ഓഫീസർമാർക്കും പോലീസുകാർക്കും സന്നദ്ധപ്രവർത്തകർക്കും നൽകും. ബയോമെഡിക്കൽ മാലിന്യം പ്രത്യേകം ശേഖരിച്ച് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്കുമാറ്റും.